മൺവിള തീപിടുത്തം: രക്ഷാപ്രവർത്തകർക്ക്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം

ശ്രീകാര്യം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ പതിമൂന്നു മണിക്കൂറോളം സാഹസികമായി പ്രവര്‍ത്തിച്ച ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗത്തെയും അവര്‍ക്ക് സഹായം നല്‍കിയ പൊലീസ് ഉള്‍പ്പെടെയുളള മറ്റ് വിഭാഗം ഉദ്യോഗസ്ഥരെയും നാട്ടുകാരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം 

ശ്രീകാര്യം മണ്‍വിളയിലെ വ്യവസായ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കാന്‍ പതിമൂന്നു മണിക്കൂറോളം സാഹസികമായി പ്രവര്‍ത്തിച്ച ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗത്തെയും അവര്‍ക്ക് സഹായം നല്‍കിയ പൊലീസ് ഉള്‍പ്പെടെയുളള മറ്റ് വിഭാഗം ഉദ്യോഗസ്ഥരെയും നാട്ടുകാരെയും അഭിനന്ദിക്കുന്നു.

ഇത്ര വലിയ തീപിടിത്തമുണ്ടായിട്ടും ആര്‍ക്കും ജീവഹാനിയോ കാര്യമായ പൊള്ളലോ ഏല്‍ക്കാതിരുന്നത് ഫയര്‍ ആന്‍റ് റസ്ക്യൂ വിഭാഗത്തിന്‍റെ സമര്‍ഥമായ ഇടപെടല്‍ കൊണ്ടുമാത്രമാണ്. പ്ലാസ്റ്റിക് സാധനങ്ങള്‍ക്കാണ് തീപിടിച്ചത് എന്നതും കത്തിനശിച്ചതിലേറെ വസ്തുക്കള്‍ സമീപത്തെ കെട്ടിടങ്ങളില്‍ സൂക്ഷിച്ചിരുന്നു എന്നതും വലിയ വെല്ലുവിളിയായിരുന്നു. ഇതു കണക്കിലെടുത്ത് സമീപ ജില്ലയില്‍ നിന്നടക്കം നിരവധി ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ എത്തിക്കുന്നതിന് സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു. അമ്പതോളം ഫയര്‍ഫോഴ്സ് വാഹനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. സമീപ കെട്ടിടങ്ങളിലേക്ക് തീപടരാതിരുന്നത് ഫയര്‍ഫോഴ്സ് വിഭാഗം അത്യദ്ധ്വാനം ചെയ്തതുകൊണ്ടാണ്.

ഫയര്‍ ആന്‍റ് റെസ്ക്യൂ വിഭാഗത്തെ നവീകരിക്കുന്നതിന് അടുത്ത കാലത്ത് സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിരുന്നു. അതിന്‍റെ ഭാഗമായി വാങ്ങിയ ആധുനിക ഉപകരണങ്ങള്‍ കൂടി ഉപയോഗിച്ചാണ് തീ നിയന്ത്രിച്ചത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍പേരും അഭിനന്ദനം അര്‍ഹിക്കുന്നു. വേഗത്തില്‍ തീപിടിക്കുന്ന വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ സ്ഥാപനങ്ങളും ഫാക്ടറികളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

error: Content is protected !!