മീ ടൂ: നടപടിയെടുക്കാന്‍ മതിയായ നിയമമില്ല; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

തൊഴിലിടങ്ങളില്‍ നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള മീടു വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കുറ്റാരോപിതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമമില്ലെന്ന് കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണത്തിനെതിരായ നിയമങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ശിക്ഷ നല്‍കാന്‍ കഴിയില്ലെന്നും രേഖ ശര്‍മ്മ അഭിപ്രായപ്പെട്ടു.

‘തൊഴിലിടങ്ങളിലെ ലൈംഗികചൂഷണത്തിനെതിരായ നിയമങ്ങള്‍ പര്യാപ്തമല്ല. നിയമങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല.’ രേഖാ ശര്‍മ്മ പറഞ്ഞു. രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ പല പ്രമുഖര്‍ക്കെതിരെയും മീടു ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇവയില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ മന്ത്രി മനേകാ ഗാന്ധി വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.ഇതിനുള്ള മറുപടിയാണ് രേഖ ശര്‍മ്മ പറഞ്ഞത്.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികചൂഷണങ്ങള്‍ക്ക് തടയിടാന്‍ എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി നിര്‍ബന്ധമാക്കിയ നിയമം 2013ലാണ് നിലവില്‍ വന്നത് 1997ല്‍ ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിരുന്നതാണ്. അതിനിടെ സ്ത്രീകള്‍ക്ക് പരാതി നേരിട്ട് സമര്‍പ്പിക്കാന്‍ വനിതാശിശുക്ഷേമ മന്ത്രാലയം ഒരു ഇമെയില്‍ സംവിധാനവും ഒരുക്കിയിരുന്നു.

error: Content is protected !!