‘സര്‍ക്കാര്‍’ പോസ്റ്ററിലെ ‘സിഗരറ്റ് വലി’; വിജയ്ക്കെതിരേ കേരളത്തില്‍ ആരോഗ്യവകുപ്പിന്‍റെ കേസ്

വിജയ് ചിത്രം ‘സര്‍ക്കാരി’ന്‍റെ പ്രചാരണ പോസ്റ്ററുകളില്‍ നായകന്‍ സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിന് കേസ്. വിജയ്ക്കും നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്‍സിനും നിതരണക്കമ്പനിയായ കോട്ടയം സായൂജ്യം സിനി റിലീസിനുമെതിരേ കേസെടുത്തിരിക്കുന്നത് തൃശൂരില്‍ ആരോഗ്യ വകുപ്പാണ്. പുകയില നിയന്ത്രണ നിയമപ്രകാരമാണ് കേസ്. നായകനായ വിജയ് സിഗരറ്റ് വലിക്കുന്നതിന്‍റെ ചിത്രീകരണമുള്ള ഫ്ലെക്സുകളും ബോര്‍ഡുകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തിയറ്ററുകളില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്‍തു.
സര്‍ക്കാര്‍ സിനിമയുടെ പോസ്റ്ററുകളില്‍ നടൻ വിജയ് പുകവലിക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ‘പുകവലി ആരോഗ്യത്തിന് ഹാനികരം’ എന്ന നിയമപരമായ മുന്നറിയിപ്പും പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വിവിധ സിനിമാ തിയേറ്ററുകളില്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് സ്വമേധയാ കേസെടുത്തത്.
പുകയില നിയന്ത്രണ നിയമം അഞ്ചാം വകുപ്പ് പ്രകാരമെടുത്ത ക്രിമിനല്‍ കേസില്‍ വിജയ് ആണ് ഒന്നാം പ്രതി. വിതരണക്കമ്പനിയായ കോട്ടയം ആസ്ഥാനമായ സായൂജ്യം സിനി റിലീസ് രണ്ടാം പ്രതിയും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്‍സ് മൂന്നാം പ്രതിയുമാണ്. ഡിഎംഒ തൃശൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇവിടെനിന്നും വിജയ്ക്കും മറ്റുളളവര്‍ക്കും സമൻസ് അയയ്ക്കും. രണ്ട് വര്‍ഷം വരെ തടവും 1000രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.