ദമ്പതികൾക്ക് ഹർത്താലനുകൂലികളുടെ ക്രൂരമർദ്ദനം: കാറിൽ നിന്ന് വലിച്ചിറക്കി പത്തിലേറെ പേർ ചേർന്ന് മർദിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലേഖിക സാനിയോ മനോമിക്കും ഭർത്താവ് ജൂലിയസ് നികിതാസിനും ഹർത്താൽ അനുകൂലികളുടെ ക്രൂര മർദ്ദനം. പലേരിയിലുള്ള സാനിയോയുടെ വീട്ടിൽ നിന്ന് ജൂലിയസിന്‍റെ അമ്പലക്കുളങ്ങരയിലെ വീട്ടിലേക്ക് കാറിൽ പോവുകയായിരുന്നു ഇരുവരും. അമ്പലക്കുളങ്ങര വച്ച് പത്തിലേറെ പേർ കാറിനുമുന്നിൽ ചാടിവീണ് തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു.

കാറിന്‍റെ താക്കോൽ ഊരിയെടുത്തതിന് ശേഷം ഇരുവരേയും കാറിന് പുറത്തേക്ക് വലിച്ചിട്ടാണ് മർദ്ദിച്ചത്. ആക്രമണത്തിൽ ജൂലിയസ് നികിതാസിന് സാരമായി പരിക്കേറ്റു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്ററുടെ മകനാണ് ജൂലിയസ് നികിതാസ്. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ജൂലിയസിനെ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായി. സാനിയോയുടെ നെഞ്ചിലും അടിവയറ്റിലും ചവിട്ടേറ്റിട്ടുണ്ട്. ഇതേത്തുടർന്ന് ഇരുവരെയും പൊലീസ് സംരക്ഷണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഒരു പ്രകോപനവും ഇല്ലാതെ, കാർ തടഞ്ഞുനിർത്തിയപാടെ അക്രമിസംഘം മർദ്ദനം തുടങ്ങുകയായിരുന്നുവെന്ന് സാനിയോ പറഞ്ഞു. കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

error: Content is protected !!