സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസുകാരുടെ പ്രായം പരിശോധിച്ചിരുന്നു: വല്‍സന്‍ തില്ലങ്കേരി

ശബരിമല സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ച 15 വനിതാ പോലീസ് ഉദ്യോഗസ്ഥരുടേയും ജനന തിയ്യതി സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചുവെന്ന ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ പ്രസ്താവന വിവാദമാകുന്നു. കോഴിക്കോട് മുതലക്കുളത്ത് നടന്ന ശബരിമല ആചാര സംരക്ഷണ സംഗമത്തില്‍ സംസാരിക്കവേയാണ് വല്‍സന്‍ തില്ലങ്കേരിയുടെ വിവാദ പ്രസ്താവന. ചിത്തിര ആട്ട വിളക്കിന് സന്നിധാനത്ത് അനിഷ്ട സംഭവങ്ങളുണ്ടായപ്പോള്‍ തില്ലങ്കേരി പോലീസിന്റെ മൈക്ക് ഉപയോഗിച്ച് അണികളോട് സംസാരിച്ച സംഭവത്തിന് പിന്നാലെയാണ് സര്‍ക്കാരിന് തലവേദനയാകുന്ന പുതിയ പ്രസ്താവന.
സന്നിധാനത്ത് നിയോഗിച്ച വനിതാ പൊലീസില്‍ ഒരാളുടെ ഭര്‍ത്താവിന്‍റെ പ്രായം 49 ആണെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതോടെ ഉദ്യോഗസ്ഥയുടെ പ്രായം 49 ല്‍ താഴെയാകുമെന്ന ആശങ്കയുണ്ടായി. തുടര്‍ന്ന് എസ്പി മാരെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സന്നിധാനത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് സന്നിധാനത്തുള്ള 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ പരിശോധിച്ചെന്നാണ് തില്ലങ്കേരിയുടെ അവകാശവാദം.
ചെറുപ്പക്കാരികളായ 50 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് നിയമിക്കുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഒരു ഉദ്യോഗസ്ഥയും തയ്യാറായില്ല. തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലെ വനിതാ പൊലീസുകാരെ സമീപിച്ചെങ്കിലും അവരും തയ്യാറില്ലെന്നും തില്ലങ്കേരി പ്രസംഗത്തിനിടെ പറഞ്ഞു.