റോഡില്‍ വാഹനം നിര്‍ത്തിയതിന്‍റെ പേരില്‍ സംഘര്‍ഷം; വേങ്ങരയില്‍ നാട്ടുകാര്‍ ചുമട്ടുതൊഴിലാളിയെ തല്ലിക്കൊന്നു

മലപ്പുറം വേങ്ങരയില്‍ റോഡില്‍ വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ കോട്ടയ്ക്കൽ പറപ്പൂരിനടുത്ത് പൊട്ടിപ്പാറയിലാണ് സംഭവം. പറപ്പൂർ പൊട്ടിപ്പാറ പൂവളപ്പിൽ കോയ (55) ആണ് ഒരു സംഘമാളുകളുടെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. വേങ്ങരയിലെ ചുമട്ട് തൊഴിലാളിയാണ് കോയ.

കഴിഞ്ഞ ബുധനാഴ്ച റോഡില്‍ വാഹനം നിര്‍ത്തിയതുമായി ബന്ധപ്പെട്ട് കോയയും മറ്റൊരാളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നലെ ഇരുവരും തമ്മില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. പ്രദേശവാസികളായ ഒരു സംഘമാളുകള്‍ കോയയെ തല്ലി. നിലത്ത് വീണുപോയ കോയയെ ഇവര്‍ ചവിട്ടി പരിക്കേല്‍പ്പിച്ചിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. മര്‍ദ്ദനത്തെ തുടര്‍ന്ന് ബോധരഹിതനായ കോയയെ കോട്ടയ്ക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പൊട്ടിപ്പാറ സ്വദേശികളായ നൗഫൽ, ജബ്ബാർ, അസ്‌കർ, ഹക്കിം, മൊയ്തീൻഷാ എന്നിവരുടെ പേരിൽ വേങ്ങര പോലീസ് കേസെടുത്തു. ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഖബറടക്കും. ആസിയയാണ് ഭാര്യ. മക്കൾ: മുഹമ്മദലി, സിദ്ദീഖ്, നജ്മുന്നിസ, സുലൈഖ, റംല.

error: Content is protected !!