ഇടുക്കിയില്‍ കുടുംബശ്രീയുടെ പേരിൽ കടലാസ് സംഘം രൂപീകരിച്ച് തട്ടിപ്പ്

ഇടുക്കി ഇടവെട്ടിയിൽ കുടുംബശ്രീയുടെ പേരിൽ കടലാസ് സംഘം രൂപീകരിച്ച് തട്ടിപ്പ്. വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി കുടുംബശ്രീയിൽ അംഗങ്ങളെ ചേർത്തായിരുന്നു തട്ടിപ്പ്. നാല് മാസമായിട്ടും വായ്പ ലഭിക്കാത്തതിനെ തുട‍ർന്ന് അംഗങ്ങൾ പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

ഇടവെട്ടി പഞ്ചായത്തിലെ 13 ആം വാർഡിലെ ശ്രീ പാർവതി കുടുംബശ്രീ സംഘത്തിനെതിരെയാണ് ആരോപണം. കഴിഞ്ഞ ജൂണിലാണ് 19 പേരെ അംഗങ്ങളെ വെച്ച് തൊടുപുഴ സ്വദേശി ജയന്തി, ശ്രീപാർവ്വതി അയൽക്കൂട്ടം രൂപീകരിച്ചത് . കുടുംബശ്രീയിൽ അംഗമായാൽ ഓരോരുത്തർക്കും 50,000 രൂപ കാർഷിക വായ്പ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിനായി അംഗങ്ങളിൽ നിന്ന് മാസവരിയ്ക്ക് പുറമേ ജയന്തി 5,000 രൂപയും വാങ്ങി.

ആദ്യ യോഗത്തിന് ശേഷം സംഘത്തിന് ഇടവെട്ടിയിലെ കുടുംബശ്രീ ചെയർപേഴ്സൻ രജിസ്ട്രേഷൻ നൽകി. പഞ്ചായത്ത് പരിധിയിൽ ആറ് മാസമായി താമസിക്കുന്നവർക്കേ കുടുംബശ്രീ അംഗത്വം നൽകാവൂ എന്നാണ് വ്യവസ്ഥ. എന്നാൽ സംഘം രൂപീകരിച്ച ജയന്തി ഇടവെട്ടിയിലെത്തിയത് നാല് മാസം മുമ്പായിരുന്നു. അംഗങ്ങളിൽ ഭൂരിപക്ഷവും തൊടുപുഴ നഗരസഭ പരിധിയിലുള്ളവരാണ്.

കുടുംബശ്രീ ലെറ്റർ ഹെഡിലാണ് രസീതുകളെല്ലാം നൽകിയിരുന്നത്. ഇത് ഉദ്യോഗസ്ഥരുടെ അറിവോടെയുള്ള തട്ടിപ്പിനുള്ള തെളിവാണെന്ന് പരാതിക്കാർ ആരോപിക്കുന്നു. എന്നാൽ തട്ടിപ്പിനെ കുറിച്ച് അറിയില്ലെന്നും സംഘത്തിന് രജിസ്ട്രേഷൻ നൽകിയതിനെ കുറിച്ച് കുടുംബശ്രീ ചെയർപേഴ്സനിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.

error: Content is protected !!