വെള്ളാപ്പള്ളിയും മകനും ശ്രീനാരായണ സമൂഹത്തെ വഞ്ചിക്കുകയാണ്: സി.കെ വിദ്യാസാഗര്‍

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ എസ്.എന്‍.ഡി.പി സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം മുന്‍ പ്രസിഡന്റ് സി.കെ വിദ്യാസാഗര്‍. വിഷയത്തില്‍ എസ്.എന്‍.ഡി.പി ഒരു നിലപാടും ബി.ഡി.ജെ.സ് അതിന് എതിരായ നിലപാടും സ്വീകരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് വിദ്യാസാഗറിന്റെ വിമര്‍ശനം.

ബി.ജെ.പിയ്‌ക്കൊപ്പം ശബരിമല വിധിയ്‌ക്കെതിരായ സമരത്തില്‍ എസ്.എന്‍.ഡി.പി യോഗമുണ്ടാവില്ലെന്ന വെള്ളാപ്പള്ളിയുടെ നിലപാടിനു പിന്നാലെയാണ് വിദ്യാസാഗറിന്റെ പ്രതികരണം. വെള്ളാപ്പള്ളിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ആ നിലപാട് പ്രഖ്യാപിക്കേണ്ടത് ഒരു ദിവസം വൈകിയല്ല, ആ വേദിയില്‍ വെച്ചു തന്നെ പറയേണ്ടതായിരുന്നെന്നാണ് വിദ്യാസാഗര്‍ പറയുന്നത്.

സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് സർക്കാരിന്‍റെ ബാധ്യതയും കടമയുമാണെന്ന് അച്ഛൻ പറയുന്നതും മകൻ അമിത് ഷായുടെ ചിറകിനടിയിൽ ഒളിക്കാൻ ശ്രമിക്കുന്നതും ഒരു ചക്കളത്തിപ്പോരാണ്. നിലനിൽപ്പിന്‍റെ രാഷ്ട്രീയമാണത്. കേന്ദ്രത്തിലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അടക്കമുള്ള സംവിധാനങ്ങൾ എതിരെ വരാതിരിക്കാൻ വെള്ളാപ്പള്ളി മകനെ ഉപയോഗിക്കുന്നു. കേരളത്തിലെ പല കേസുകളിലും സംരക്ഷണം കിട്ടാൻ അച്ഛൻ സംസ്ഥാന സർക്കാർ നിലപാടിനൊപ്പം നിൽക്കുകയും ചെയ്യുന്നു. ഇവർ രണ്ടുപേരും കൂടി പൊതുസമൂഹത്തേയും ശ്രീനാരായണ സമൂഹത്തേയും വഞ്ചിക്കുകയാണെന്ന് സികെ വിദ്യാസാഗർ ആരോപിച്ചു.

എല്ലാ വിവേചനങ്ങൾക്കും എതിരായി എക്കാലവും നിന്നവരാണ് ശ്രീനാരായണ സമൂഹം. അവർ സുപ്രീം കോടതി വിധിയെ സർവാത്മനാ സ്വാഗതം ചെയ്യുകയാണ്. ഭരണഘടനാ വിരുദ്ധമായി പോകുന്ന ഒരു സമീപനവും ഇന്ത്യൻ സമൂഹത്തിന് സ്വീകാര്യമല്ല എന്നാണ് സുപ്രീം കോടതി വിധി കാണിക്കുന്നത്. ഇനിയും ഏറെ വിവേചനങ്ങൾ ഇന്ത്യൻ സമൂഹത്തിലുണ്ട്. അവയെല്ലാം തുടച്ചുമാറ്റേണ്ടതുണ്ട് എന്ന സന്ദേശം നൽകുന്ന ചരിത്രവിധിയാണിത്. അതിനെ അർ‍ദ്ധമനസ്സോടെയല്ല വെള്ളാപ്പള്ളി സ്വീകരിക്കേണ്ടത്. തുഷാർ വെള്ളാപ്പള്ളിയുടെ കുട്ടിത്തം മാറാത്ത മനസിൽ ചരിത്രബോധത്തിന്‍റെ അഭാവമുണ്ട്. കേന്ദ്രത്തിൽ നിന്ന് എന്തെങ്കിലും സ്ഥാനമാനങ്ങൾ കിട്ടാനാണ് തുഷാറിന്‍റെ ശ്രമം. ഈ ഇരട്ട നിലപാടിന് കാലത്തിനോട് വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും മാപ്പു പറയേണ്ടിവരുമെന്നും സികെ വിദ്യാസാഗർ പറഞ്ഞു.

error: Content is protected !!