പടക്കം ഉപയോഗിക്കുന്നതിന് സുപ്രീം കോടതിയുടെ മാർഗ്ഗരേഖ

രാജ്യവ്യാപകമായി പടക്കങ്ങളും പടക്കനിർമാണവും പൂർണമായി നിരോധിക്കണമെന്ന ഹർജി ഉപാധികളോടെ സുപ്രീം കോടതി തള്ളി. പടക്കം വിൽക്കുന്നതിനും പൊട്ടിക്കുന്നതിനും സുപ്രീംകോടതിയുടെ പുതിയ മാർഗ്ഗരേഖ. ദീപാവലിക്കും ക്രിസ്തുമസിനും പുതുവസ്തരദിനത്തിലും നിശ്ചിത സമയങ്ങളിൽ മാത്രമേ പടക്കം പൊട്ടിക്കാനാകൂവെന്ന് കോടതി വിധിച്ചു.

അനുവദനീയമായ അളവിൽ പുകയും ശബ്ദവുമുണ്ടാകുന്ന തരത്തിലുള്ള പടക്കങ്ങൾ മാത്രമേ വിൽക്കാവൂ എന്നാണ് ജസ്റ്റിസ് എ.കെ.സിക്രി, ജസ്റ്റിസ് അശോക് ഭൂഷൺ എന്നിവരുടെ ബഞ്ചിന്റെ വിധി. ഓൺലൈനായി പടക്കം വിൽക്കരുത്. ലൈസൻസുള്ള വ്യാപാരികൾ മാത്രമേ പടക്കം വിൽക്കാവൂ. വിവാഹമുൾപ്പടെയുള്ള ആഘോഷങ്ങൾക്ക് മലിനീകരണ തോത് കുറഞ്ഞ പടക്കങ്ങളേ ഉപയോഗിക്കാവൂ.

ദീപാവലി ദിവസം പടക്കം പൊട്ടിക്കാനുള്ള സമയം  രാത്രി എട്ട് മണി മുതൽ പത്ത് മണിവരെ മാത്രമാക്കി. ക്രിസ്തുമസിനും പുതുവത്സരത്തിനും രാത്രി 11.55 മുതൽ 12.30വരെയാണ് സമയം അനുവദിച്ചത്. ദീപാവലി ദിനത്തിന് മുമ്പും ശേഷവും തുടർച്ചയായി ഏഴ് ദിവസം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് വായുമലിനീകരണത്തിന്റെ തോത് നിരീക്ഷിക്കണം.

ദില്ലിയിൽ മലീകരണ നിയന്ത്രണ ബോര്‍ഡ് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ പടക്കം പൊട്ടിക്കാവൂ. ഇതിനായി മൂൻകൂർ അനുമതി വാങ്ങണം. ജനത്തെ ബോധവത്കരിക്കാൻ സർക്കാർ വിപുലമായ പദ്ധതികൾ രൂപീകരിക്കണെമന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.
പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണം എന്നാവശ്യപ്പെട്ട് നവജാത ശിശുക്കളുടെ മാതാപിതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

തൊഴിലാളികളുടെ അവകാശം കണക്കിലെടുത്താണ് പൂര്‍ണ്ണ നിരോധനം എന്ന ആവശ്യം കോടതി തള്ളിയത്.  2017 ഒക്ടോബറിൽ  രൂക്ഷമായ വായുമലിനീകരണം കണക്കിലെടുത്ത് ദില്ലിയിൽ പടക്കം പൊട്ടിക്കുന്നത് സുപ്രീംകോടതി താൽക്കാലികമായി നിരോധിച്ചിരുന്നു.

error: Content is protected !!