കന്യാസ്ത്രീക്കെതിരായ പീഡനം: പരാതിയും മൊഴിയും നല്‍കിയവര്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശം

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിയും മൊഴിയും നല്‍കിയവര്‍ക്ക് കനത്ത സുരക്ഷ ഉറപ്പാക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിര്‍ദേശം. പരാതിക്കാരിയായ കന്യാസ്ത്രീയും കുടുംബാംഗങ്ങളും, ബിഷപ്പിനെതിരെ കേരളത്തിലും ജലന്ധറിലും മൊഴിനല്‍കിയ വൈദികര്‍, കന്യാസ്ത്രീകള്‍, കുറവിലങ്ങാട്ടെ മഠം, സമരത്തില്‍ പങ്കെടുത്ത കന്യാസ്ത്രീകള്‍ എന്നിവര്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം.

കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ട വൈദികന്‍ കുര്യാക്കോസ് കാട്ടുതറ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് സാക്ഷികളെ പിന്തിരിപ്പിക്കുമോ എന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. വൈദികന്റെ മരണം സ്വാഭാവികമോ അസ്വാഭാവികമോ ആയാല്‍ പോലും സാക്ഷികളുടെ പിന്‍മാറ്റം കേസിനെ ദുര്‍ബലമാക്കുമെന്ന് ഇന്‍ന്റലിജന്‍സ് പറയുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കടുത്ത നിലപാടെടുത്ത വൈദികന്റെ മരണത്തിന് ശേഷം ഫ്രങ്കോയ്ക്കെതിരെ പരാതി നല്‍കിയ കന്യാസ്ത്രീ കൂടി ആശങ്കയിലാണെന്നാണ് റിപ്പോര്‍ട്ട്.

അതിനാല്‍, കേസ് നടത്താന്‍ പ്രത്യേക കോടതി വേണമെന്നും കന്യാസ്ത്രീകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മരണം കേസിനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറയുന്നത്. ജലന്ധര്‍ പീഡനകേസിലെ 12 പ്രധാന സാക്ഷികളില്‍ ഒരാള്‍ ആണ് മരണപ്പെട്ട വൈദികന്‍ ഫാ. കുര്യാക്കോസ്. നിലവില്‍ കന്യാസ്ത്രീകള്‍ക്കും അവര്‍ താമസിക്കുന്ന കുറുവിലങ്ങാട്ടെ മഠത്തിനും സുരക്ഷയുണ്ട്. അത് തുടരും. ആവശ്യമെങ്കില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നും ഹരിശങ്കര്‍ വ്യക്തമാക്കി.

ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം അന്വേഷിക്കുന്ന ജലന്ധര്‍ പൊലീസുമായി കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ എന്നിവര്‍ സംസാരിച്ചിരുന്നു. മരണത്തില്‍ ബിഷപ്പിന് പങ്കുണ്ടെങ്കില്‍ അത് രേഖാമൂലം കോടതിയെ അറിയിക്കും. ഇത് ഫ്രാങ്കോ മുളയ്ക്കലിന് നിലവില്‍ കോടതി അനിവദിച്ച ജാമ്യം പോലും റദ്ദാക്കാന്‍ കാരണമാകും. അതേസമയം, നിരവധി കന്യാസ്ത്രീകള്‍ ഫ്രാങ്കോയ്ക്കെതിരെ ഇതിനോടകം തന്നെ മൊഴി നല്‍കി കഴിഞ്ഞതിനാല്‍ കുര്യാക്കോസ് കാട്ടുതറയുടെ മരണം കേസിനെ ബാധിക്കില്ലെന്നും ജലന്ധറില്‍ നിന്നുള്ള വിവരങ്ങള്‍ സംസ്ഥാന പൊലീസ് ശേഖരിക്കുകയാണെന്നും എസ്.പി ഹരിശങ്കര്‍ പറഞ്ഞു

error: Content is protected !!