സുപ്രീം കോടതി ഇന്ന് തുറക്കും; ശബരിമല വിഷയത്തില്‍ ഇരുപതോളം ഹര്‍ജികള്‍

നവരാത്രി പൂജയുടെ അവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും. ശബരിമല വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് ഇരുപതോളം ഹർജികൾ ഇതുവരെ കോടതിയിൽ എത്തിയിട്ടുണ്ട്. ഇതുകൂടാതെ ശബരിമലയിൽ അന്യമതക്കാർ കയറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ പ്രചാരസഭയും ഇന്ന് കോടതിയിൽ ഹർജി നൽകുന്നുണ്ട്.

പുനഃപരിശോധന ഹർജികൾ എന്ന് പരിഗണിക്കണം എന്നതിൽ അടുത്തമാസം ആദ്യവാരത്തിലേ കോടതിയുടെ തീരുമാനത്തിന് സാധ്യതയുള്ളു. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ അയ്യപ്പസേവാ സംഘവും റിവ്യൂ ഹർജി നൽകുമെന്ന് അറിയിച്ചിരുന്നു. തന്ത്രി കുടുംബത്തിനും പന്തളം രാജകുടുംബത്തിനും പിന്തുണ നൽകുമെന്നും അയ്യപ്പസേവാസംഘത്തിന്‍റെ നേതാക്കൾ വ്യക്തമാക്കി.

ദേശീയപ്രവർത്തക സമിതിയോഗത്തിന്‍റേതായിരുന്നു തീരുമാനം. പുനഃപരിശോധനാ ഹർജികളില്‍ നിലപാടറിയിക്കുമെന്നും ശബരിമലയിലെ തൽസ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകുമെന്നും ദേവസ്വം ബോർഡും വ്യക്തമാക്കിയിരുന്നു.

അതേസമയം, പുനഃപരിശോധനാ ഹർജിയുമായി ബന്ധപ്പെട്ട് ഒരു കക്ഷിയും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് അഭിഷേക് സിംഗ്‍വി വ്യക്തമാക്കി. ഇക്കാര്യം മാധ്യമങ്ങളിൽ കണ്ട അറിവേ തനിയ്ക്കുള്ളൂ. ദേവസ്വം ബോർഡിന് വേണ്ടി മുൻപ് ഹാജരായിട്ടുണ്ട്. ആരെങ്കിലും ബന്ധപ്പെട്ടാൽ നിലപാടറിയിക്കാമെന്നും സിംഗ്‍വി പറഞ്ഞു.

error: Content is protected !!