ആന്ധ്രയിൽ നിന്നുള്ള രണ്ട് സ്ത്രീകൾ പമ്പയില്‍: പ്രതിഷേധം ശക്തം

ഒമ്പതേമുക്കാലോടെയാണ് ആന്ധ്രയിൽ നിന്നുള്ള രണ്ട് സ്ത്രീകൾ പമ്പയിലെത്തിയത്. ഗുണ്ടൂർ സ്വദേശിനികളായ വാസന്തിയും ആദിശേഷിപ്പുമാണ് ദർശനം നടത്താനെത്തിയത്. നാൽപ്പത്തിയഞ്ചും നാൽപ്പത്തിരണ്ടും വയസ്സുള്ള സ്ത്രീകളാണ് ഇവർ. ഒരാളുടെ ഭർത്താവും ഇവർക്കൊപ്പമുണ്ട്. ഇവരുടെ സംഘത്തിൽ മറ്റാരെങ്കിലുമുണ്ടോ എന്ന് വ്യക്തമല്ല. ഇവർ പമ്പയിൽ നിന്ന് അമ്പത് മീറ്റർ മുന്നോട്ടു പോയപ്പോൾത്തന്നെ വലിയ രീതിയിലുള്ള പ്രതിഷേധമുണ്ടായി. ശരണംവിളികളുമായി ഒരു വലിയ സംഘം ഇവരെ തടഞ്ഞു.
തുടർന്ന് പൊലീസെത്തി ഇവരെ ഗാർഡ് റൂമിലേയ്ക്ക് മാറ്റി. തെലുങ്ക് മാത്രമേ ഇവർക്ക് സംസാരിയ്ക്കാനാകുന്നുള്ളൂ. തുടർന്ന് തെലുങ്കറിയാവുന്ന പൊലീസുദ്യോഗസ്ഥരെത്തിയാണ് ഇവരുടെ പ്രായമുൾപ്പടെ ചോദിച്ചറിഞ്ഞത്. ഇവർ കുടുംബാംഗങ്ങൾക്കൊപ്പമാണ് ശബരിമലയിലെത്തിയത്. എല്ലാ വർഷവും കുടുംബാംഗങ്ങൾക്കൊപ്പം പമ്പ വരെ എത്താറുണ്ട്. പുരുഷൻമാർ മല കയറും. ഇവർ താഴെ കാത്തിരിയ്ക്കും. എന്നാൽ ഇത്തവണ പമ്പയിലെത്തിയപ്പോൾ ആരും ഇവരെ തടഞ്ഞില്ല. തുടർന്ന്, മല കയറാൻ തീരുമാനിയ്ക്കുകയായിരുന്നെന്നാണ് ഇവർ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്.