ശബരിമല വിധി: കേന്ദ്രസര്‍ക്കാര്‍ ഓഡിനന്‍സ് കൊണ്ടുവരണമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച കോടതി നിലപാടിനെതിരെയാണ് ബിജെഡിഎസുമെന്ന് വെള്ളാപ്പള്ളി നടേശനെ തിരുത്തി തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎ സമരത്തില്‍ ബിജെഡിഎസ് പങ്കെടുക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കോടതി വിധിയ്‌ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓഡിനന്‍സ് കൊണ്ടുവരണമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ബി.ഡി.ജെ.എസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുടെ പേരില്‍ ഹിന്ദുക്കള്‍ എന്നു പറഞ്ഞ് സമരരംഗത്ത് ഇറങ്ങിയവര്‍ക്കെതിരെ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു വിശ്വാസികള്‍ക്കൊപ്പമെന്ന പ്രഖ്യാപനത്തോടെ തുഷാര്‍ രംഗത്തുവന്നത്. വിശ്വാസികളുടെ സമരത്തിന് വെള്ളാപ്പള്ളി എതിരല്ല. കൂടായാലോചന ഇല്ലാത്തതാണ് പ്രശ്‌നമായി അദ്ദേഹമുയര്‍ത്തിയതെന്നാണ് തുഷാര്‍ പറഞ്ഞത്.

ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ വിശ്വാസികള്‍ എന്ന അവകാശവാദത്തോടെ സമരരംഗത്തിറങ്ങിയവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ഒരു വിഭാഗം സവര്‍ണ സംഘടനകള്‍ മാത്രമാണ് ഇതിനു പിന്നിലെന്നും ഇതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമലയില്‍ അവര്‍ണര്‍ നടത്തിയിരുന്ന പല ആചാരങ്ങളും നേരത്തെ നിര്‍ത്തിയിരുന്നെന്നും അപ്പോഴൊന്നും വിശ്വാസത്തിന്റെ പേരു പറഞ്ഞ് ഇവര്‍ സമരരംഗത്തിറങ്ങിയില്ലല്ലോയെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയാണ് ശബരിമല സംരക്ഷണയാത്ര നടത്തുന്നത്. പന്തളം കൊട്ടാരം നിര്‍വാഹകസംഘം ഭാരവാഹികള്‍, തിരുവാഭരണ പേടകവാഹനസംഘം ഗുരുസ്വാമിമാര്‍ തുടങ്ങിയവര്‍ യാത്രയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

error: Content is protected !!