18 എംഎല്‍എമാരുടെ അയോഗ്യത കേസ്: നിർണായക വിധി ഇന്ന്

തമിഴ്നാട്ടില്‍ 18 എംഎല്‍എമാരുടെ അയോഗ്യതാകേസില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് രാവിലെ പത്തരയ്ക്ക് വിധി പറയും. ജൂൺ 14 ന് കേസില്‍ ജഡ്ജിമാർ ഭിന്നവിധി പുറപ്പെടുവിച്ചതോടെ കേസ് മൂന്നാമതൊരു ജഡ്ജിക്ക് കൈമാറുകയായിരുന്നു. ജസ്റ്റിസ് എം.സത്യനാരായണനാണ് വിധി പ്രസ്താവിക്കുക.

എടപ്പാടി കെ പളനിസ്വാമിയെ മുഖ്യമന്ത്രിയായി അംഗീകരിക്കാനാകില്ലെന്ന് കാണിച്ച് കത്ത് നല്‍കിയതിനാണ് സ്പീക്കർ പി ധനപാല്‍ ടിടിവി ദിനകരൻ പക്ഷത്തെ 18 എം എല്‍ എമാരെ അയോഗ്യരാക്കിയത്.കേസില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിരാബാനർജി സ്പീക്കറുടെ നടപടി അംഗീകരിച്ചപ്പോള്‍ ജസ്റ്റിസ് എം സുന്ദറും വിയോജിച്ചു.തുടർന്ന് കേസ് ജസ്റ്റിസ് എം സത്യനാരായണന് മുന്നിലെത്തി.തമിഴ്നാട് സർക്കാറിന്‍റെ ഭാവി നിർണ്ണയിക്കുന്നതാകും വിധി.

18 എംഎല്‍എമാരുടെ അയോഗ്യത റദ്ദാക്കിയാല്‍ ടിടിവി പക്ഷത്തെ എം എല്‍ എമാരുടെ എണ്ണം 23 ആകും.ഔദ്യോഗികപക്ഷത്തെ 4 പേർ ഇപ്പോള്‍ തന്നെ ടിടിവിക്കൊപ്പമാണ്.അവിശ്വാസപ്രമേയം കൊണ്ടു വന്നാല്‍ പ്രതിപക്ഷത്തിന്‍റെ സഹായത്തോടെ ടിടിവിക്ക് സർക്കാറിനെ താഴെയിടാനാകും.വിധി മറിച്ചാണെങ്കില്‍ 18 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.നിലവിലെ സാഹചര്യത്തില്‍ ഇതും ഭരണപക്ഷത്തിന് വെല്ലുവിളിയാണ്. പ്രതിസന്ധി ഒഴിവാക്കാൻ എ ഐ എ ഡി എം കെ നേതൃത്വം ദിനകരനുമായി കൈകോർക്കാനുള്ള സാധ്യതകളും നിരീക്ഷകർ തള്ളിക്കളയുന്നില്ല.പക്ഷെ ഇക്കാര്യങ്ങള്‍ക്കെല്ലാം അടിസ്ഥാനം നിർണ്ണായകമായ ഈ വിധിയാണ്.

error: Content is protected !!