സുഹാസിനി രാജിന് നേരെയുണ്ടായത് അതിഹീനമായ കയ്യേറ്റ ശ്രമവും അപമാനവും കേട്ടാല്‍ അറയ്ക്കുന്ന തെറിയഭിഷേകവും

പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് നീങ്ങിയ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ക്ക് മരക്കൂട്ടത്തുണ്ടായത് അതിഹീനമായ കയ്യേറ്റ ശ്രമം. കേട്ടാലറയ്ക്കുന്ന തെറിവിളികളുമായാണ് പ്രതിഷേധക്കാർ ഇവരെ പൊതിഞ്ഞത്. സുഹാസിനിയെ കൈയ്യേറ്റം ചെയ്യാനും ആൾക്കൂട്ടം ശ്രമിച്ചു.

പുലർച്ചെ ഏഴ് മണിയോടെ പമ്പയിൽ റിപ്പോർട്ടിംഗിനായി എത്തിയ സുഹാസിനിയും സഹപ്രവർത്തകൻ കാൾ ഷ്വാസും അപ്രതീക്ഷിതമായി മലകയറാൻ തീരുമാനിക്കുകയായിരുന്നു. പമ്പയിൽ വച്ചുതന്നെ പ്രതിഷേധക്കാർ തടയാൻ ശ്രമിച്ചെങ്കിലും അവർ എണ്ണത്തിൽ കുറവായിരുന്നു. പെട്ടെന്നുതന്നെ പൊലീസ് സുഹാസിനിക്കും സുഹൃത്തിനും സുരക്ഷ ഒരുക്കി. അമ്പതിലേറെ വരുന്ന പൊലീസ് സംഘം ഇരുവരേയും അനുഗമിച്ചു. ഒപ്പം ഒട്ടുമിക്ക സംസ്ഥാന, ദേശീയ മാധ്യമപ്രതിനിധികളും. മരക്കൂട്ടത്തിന് തൊട്ടുതാഴെ വരെ സുഹാസിനിക്ക് എത്താനായി. അപ്പോഴേക്കും പ്രതിഷേധക്കാർ സംഘടിച്ചെത്തി തടയുകയായിരുന്നു. ആയിരത്തോളം വരുന്ന സംഘം തെറിവിളികളും അധിക്ഷേപവുമായി അവർക്കുനേരെ അടുത്തു. പൊലീസിന്‍റെ സുരക്ഷാവലയം ഭേദിച്ച് ചിലർ സുഹാസിനിയെ കൈവീശി അടിക്കാൻ ശ്രമിച്ചു. എന്‍റെ നെഞ്ചില്‍ ചവിട്ടികൊണ്ടാല്ലാതെ നിനക്ക് പോകാന്‍‌ പറ്റില്ലെന്ന് ചിലര്‍.

മരക്കൂട്ടത്തിന് താഴെ വിശ്രമിക്കാനിരുന്ന സുഹാസിനി രാജിനെ പൊലീസ് ചുറ്റും നിന്ന് സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ ഇരമ്പിയെത്തി വട്ടംകൂടി നിന്ന് അശ്ലീലവർഷം  തുടർന്നു. ശരണമന്ത്രങ്ങൾ മാത്രം കേട്ടിരുന്ന അയ്യപ്പന്‍റെ പൂങ്കാവനത്തിൽ ഇതാദ്യമായി കൂട്ടത്തെറിവിളി മുഴങ്ങി. ഒരിഞ്ചുപോലും മുന്നോട്ട് കടത്തിവിടാതെ വഴിതടഞ്ഞെങ്കിലും തുടർന്നും സംരക്ഷണം കൊടുക്കാം എന്ന നിലപാടിലായിരുന്നു പൊലീസ്. എത്ര ദൂരം മുന്നോട്ട് പോയാലും സംരക്ഷണം ഒരുക്കാമെന്ന്  പൊലീസ് അറിയിച്ചു. ‘പൊലീസിന് പെണ്ണുങ്ങളെ കൊണ്ടുവരുന്നതാണോ പണി?’ എന്നുംമറ്റും ചോദിച്ച് പൊലീസിന് നേരെയും ആൾക്കൂട്ടത്തിൽ നിന്നും അശ്ലീല ചോദ്യങ്ങളുണ്ടായി. (ശേഷം അവിടെ കേട്ടതൊന്നും പ്രസിദ്ധീകരണയോഗ്യമല്ല)

കയറ്റം കയറിവന്ന ക്ഷീണമകറ്റാൻ മരക്കൂട്ടത്തിന് താഴെ വിശ്രമിക്കുന്ന വേളയിലും ഒരു കൂട്ടം പ്രതിഷേധക്കാര്‍ ഇവരെ പൊതിഞ്ഞു. ഒടുവിൽ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ കാള്‍ ഷ്വാസുമായി സംസാരിച്ച ശേഷം യാത്ര ഉപേക്ഷിക്കാൻ സുഹാസിനി തീരുമാനിക്കുകയായിരുന്നു.

തുടര്‍‌ന്ന് തിരിച്ചിറങ്ങിയ സുഹാസിനി രാജിനെ  തെറിവിളിച്ചുകൊണ്ട് പമ്പ വരെ പ്രതിഷേധക്കാര്‍ പിന്തുടര്‍ന്നു. ശരണം വിളിയും തെറിയും ഒപ്പത്തിനൊപ്പം. സുഹാസിനിയെ അനുഗമിച്ച മാധ്യമപ്രവർത്തകരേയും ഭക്തർ കേട്ടാലറയ്ക്കുന്ന തെറിവിളിക്കുന്നുണ്ടായിരുന്നു. പമ്പയിലെത്തിയ ഉടൻ സുരക്ഷയെക്കരുതി സുഹാസിയേയും കാൾ ഷ്വാസിനേയും പൊലീസ് പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

അതേസമയം വിവാദമുണ്ടാക്കി മലകയറാനില്ലെന്ന് സുഹാസിനി രാജ്. ആരുടെയും വികാരം വ്രണപ്പെടുത്താനില്ലെന്നും സുഹാസിനി പറഞ്ഞു.

error: Content is protected !!