ഇന്ദിരാ ഗാന്ധി ഉണ്ടായിരുന്നെങ്കില്‍ താന്‍ കോണ്‍ഗ്രസില്‍ ചേരുമായിരുന്നു; ശത്രുഘ്‌നന്‍ സിന്‍ഹ

മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ജീവനോടെയുണ്ടായിരുന്നെങ്കില്‍ താന്‍ കോണ്‍ഗ്രസില്‍ ചേരുമായിരുന്നെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും എം.പിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. എന്‍.ഡി. ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. താനായിട്ട് ബിജെപി വിട്ട് പുറത്തുപോകില്ലെന്നും പാര്‍ട്ടിയ്ക്ക് വേണമെങ്കില്‍ തന്നെ പുറത്താക്കാമെന്നും രണ്ട് തവണ ബിജെപി മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായിരുന്ന സിന്‍ഹ പറഞ്ഞു.

മോദിയില്‍നിന്ന് എന്തെങ്കിലും നല്ലത് പഠിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘നമ്മള്‍ എല്ലാവരില്‍നിന്നും പഠിക്കണം, അത് രാവണനില്‍നിന്നായാലും’ എന്ന് സിന്‍ഹ മറുപടി നല്‍കി. തനിക്ക് ബിജെപിയുമായുള്ള ബന്ധം ഉപ്പും പുളിയും പോലെയാണ്. വിരുദ്ധാഭിപ്രായമാണ് ജനാധിപത്യത്തിന്‍റെ സുരക്ഷാ വാല്‍വ്. ബിജെപിയില്‍ ആ വിഭാഗത്തിലാണ് താനെന്നും സിന്‍ഹ വ്യക്തമാക്കി.

അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണത്തില്‍ ബിജെപിയ്ക്ക് ജനാധിപത്യമുഖമായിരുന്നു. എന്നാല്‍ ഇന്ന് ബിജെപിയ്ക്ക് ഏകാധിപത്യമുഖമാണ്. നോട്ട് നിരോധനം പോലുളള തീരുമാനം എടുക്കുന്നത് സെക്രട്ടറിയും നടപ്പിലാക്കുന്നത് അര്‍ദ്ധരാത്രിയിലുമാണ്. സിബിഐയിലെ പ്രശ്നങ്ങള്‍ റഫാല്‍ പോലൊരു ആരോപണം മറച്ചുവയ്ക്കാനുള്ള വ്യക്തമായ നീക്കമാണെന്നും സിന്‍ഹ പറഞ്ഞു.

റഫാല്‍ ഇടപാടില്‍ മൗനം വെടിയണമെന്ന് രണ്ട് തവണ മോദിയോട്  സിന്‍ഹ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ അഴിമതി ആരോപണത്തോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല. അടുത്ത വര്‍ഷം തന്‍റെ നിലവിലെ പാര്‍ലമെന്‍റ് മണ്ഡലമായ പാറ്റ്ന സാഹിബില്‍നിന്ന് തന്നെ മത്സരിക്കുമെന്നും എന്നാല്‍ അത് ഏത് പാര്‍ട്ടിയ്ക്കൊപ്പമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സിന്‍ഹ വ്യക്തമാക്കി.

error: Content is protected !!