ശബരിമല: സിപിഎം വിശദീകരണ യോഗം ഇന്ന്

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സിപിഎം വിശദീകരണ യോഗം ഇന്ന് പത്തനംതിട്ടയിൽ നടക്കും. വനിതാ സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീ അവകാശ സംരക്ഷണ യോഗം എന്ന പേരിലാണ് വിശദീകരണം സംഘടിപ്പിച്ചിരിക്കുന്നത്.

പി.കെ ശ്രീമതി എം.പി, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി. സതീദേവി തുടങ്ങിയർ പങ്കെടുക്കും. സ്ത്രീ പ്രവേശന വിധിയിലെ സർക്കാർ നിലപാടിനെതിരെ ജില്ലയിൽ കോൺഗ്രസും ബിജെപിയും പ്രതിഷേധ പരിപാടികൾ നടത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി സിപിഎം എത്തുന്നത്.

സത്രീപ്രവേശന വിധിയെ രാഷ്ട്രീയമായി പ്രതിപക്ഷം ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്‍റെ വിശദീകരണയോഗം. സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷം സ്ത്രീകളെ ഉൾപ്പെടെ രംഗത്തിറക്കി സമരം ശക്തമാക്കുന്നതിനിടെയാണ് അതേ നാണയത്തിൽ വിശദീകരണവുമായി സിപിഎം എത്തുന്നത്.

ശബരിമല വിഷയത്തില്‍ ബിജെപിയും കോൺഗ്രസും ജനങ്ങളെ ഭിന്നിപ്പിച്ച് മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍. ഏതുതരം വിവേചനത്തിനും എതിരായ നിലപാട് മുറുകെ പിടിക്കുമെന്നും സിപിഎം പറഞ്ഞു. ഇന്നലെ വാര്‍ത്താ സമ്മേളനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

error: Content is protected !!