മകള്‍ ചെയ്തത് തെറ്റ്; അയ്യപ്പനോട്‌ പ്രായശ്ചിത്തം ചെയ്ത് ബിന്ദുവിന്റെ മാതാപിതാക്കള്‍

കോഴിക്കോട്ട് നിന്ന് ശബരിമല ദര്‍ശനത്തിന് പോയ ബിന്ദു തങ്കം കല്യാണിയുടെ മാതാപിതാക്കള്‍ പ്രായശ്ചിത്തം ചെയ്യുന്നു. മകള്‍ മലയ്ക്ക് പോയത് വലിയ തെറ്റാണെന്നും ഇതിനു  പ്രായശ്ചിത്തമായി തങ്ങള്‍ മല ചവിട്ടാന്‍ ഒരുങ്ങുകയാണെന്നും  അവര്‍ പറഞ്ഞു. ഇത് മകള്‍ ചെയ്ത കുറ്റത്തിന് അയ്യപ്പനോടുള്ള മാപ്പപേക്ഷയാണ്. കറുകച്ചാല്‍ മുഴുവങ്കുഴി സ്വദേശികളായ വാസുവും തങ്കമ്മയുമാണ് ബിന്ദുവിന്റെ മാതാപിതാക്കള്‍.

പ്രായശ്ചിത്തമായി   ഇരുവരും ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ   വീടിനു മുന്‍പില്‍ അയ്യപ്പന്‍റെ ചിത്രം   വെച്ച് നിലവിളക്ക് കൊളുത്തി ശരണം വിളിച്ചു മാപ്പപേക്ഷിക്കുകയായിരുന്നു. ചെറുപ്പം മുതല്‍ അയ്യപ്പ   വിശ്വാസികള്‍ ആണ് തങ്ങളെന്നും ബിന്ദുവിന്റെ നടപടി മൂലം അയ്യപ്പ    ഭക്തര്‍ക്ക് ഉണ്ടായ മനോ വിഷമത്തിനും ബുദ്ധിമുട്ടിനും   മാപ്പ് അപേക്ഷിക്കുന്നുവെന്നും ഇവര്‍ പറഞ്ഞു. മകള്‍ ചെയ്ത് തെറ്റിന് പ്രായശ്ചിത്തമായി നവംബര്‍ അഞ്ചിന് മാലയിട്ട്  മല ചവിട്ടുമെന്നും ഇവര്‍ പറഞ്ഞു.

തിങ്കളാഴ്ചയാണ് ബിന്ദു ശബരിമല ദര്‍ശനത്തിന് പോയത്. കോട്ടയം കറുകച്ചാല്‍ സ്വദേശിനിയായ ബിന്ദു കോഴിക്കോട് ചേവായൂരില്‍ അദ്ധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. അതേസമയം,

ശബരിമല യാത്രയ്ക്ക് പോയി തിരിച്ചെത്തിയപ്പോള്‍ ചേവായൂരിലെ വാടക വീട്ടിലേക്ക് ഇനി വരരുതെന്ന് വീട്ടുടമ അറിയിച്ചതായാണ് ബിന്ദു പറയുന്നത്. വീടിനു നേരെ ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് വീട്ടുടമ ഇങ്ങനെയൊരു നിലപാടെടുത്തതെന്നാണ് ബിന്ദു പറയുന്നത്.

ഇനിയൊരറിയിപ്പ് കിട്ടുന്നത് വരെ ജോലി ചെയ്യുന്ന സ്കൂളിലേയ്ക്ക് വരേണ്ടെന്ന് സ്കൂളധികൃതരും അറിയിച്ചതായി ബിന്ദു പറയുന്നു. ചേവായൂര്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും എത്തി പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് താല്‍ക്കാലികമായി സ്കൂളിലേക്ക് വരേണ്ടെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞത്. സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപികയാണ് ബിന്ദു. ചേവായൂരിലേക്ക് ചെല്ലാനാവാത്ത   സാഹചര്യത്തിൽ ബിന്ദു വീട്ടിൽ നിന്ന് നഗരത്തിലുള്ള സുഹൃത്തിന്‍റെ ഫ്ലാറ്റില്‍ അഭയം തേടി. പക്ഷേ ഫ്ലാറ്റ് നിവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവിടെ നിന്നും ഇറങ്ങേണ്ടി വന്നു.

ബിന്ദുവിനെതിരായ നടപടികള്‍ക്കെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

error: Content is protected !!