210 പേര്‍ക്കെതിരെ ലുക്ക്ഔട്ട്; ഇനി സന്നിധാനത്ത് കര്‍ശന നിയന്ത്രണം

സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി പൊലീസ്. ഇതിന്റെ ഭാഗമായി പമ്പയിലും നിലയ്ക്കലും സന്നിധാനത്തും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കണ്ടാല്‍ അറിയാവുന്ന 210- പേര്‍ക്കു വേണ്ടിയാണ് പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്.

നിലയ്ക്കലില്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവരുടെ ദൃശ്യങ്ങള്‍ പോലീസ് പകര്‍ത്തിയിരുന്നു. വരുംദിവസങ്ങില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.

ഇതിനിടെ ശബരിമലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും പൊലീസ് ഉന്നതതല യോഗം തീരുമാനിച്ചു. തീര്‍ഥാടകര്‍ക്കൊപ്പം പ്രതിഷേധക്കാര്‍ തങ്ങുന്നത് തടയാന്‍ സന്നിധാനത്ത് ഒരു ദിവസത്തില്‍ കൂടുതല്‍ ആരെയും തങ്ങാന്‍ അനുവദിക്കില്ല. തുലാമാസ പൂജ സമയത്ത് അതിക്രമം ഉണ്ടാക്കിയ മുഴുവന്‍ പ്രതികളെയും കണ്ടെത്താനായി എല്ലാ ജില്ലയിലും പ്രത്യേക സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചു.

ഒരു തീര്‍ത്ഥാടകനെപ്പോലും 16 മുതല്‍ 24 മണിക്കൂറിനപ്പുറം സന്നിധാനത്ത് താമസിക്കാന്‍ അനുവദിക്കില്ല. ഒരു ദിവസത്തില്‍ കൂടുതല്‍ മുറികള്‍ അനുവദിക്കരുതെന്ന് ദേവസ്വം ബോര്‍ഡിനും നിര്‍ദേശം നല്‍കും. പ്രതിഷേധക്കാര്‍ വനമേഖലയില്‍ തങ്ങുന്നത് തടയാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് വനംവകുപ്പിനോട് ആവശ്യപ്പെടും.കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പങ്കെടുത്ത എഴുന്നൂറോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ജില്ലാ തലത്തില്‍ രൂപീകരിക്കുന്ന പ്രത്യേക പൊലീസ് സംഘം കണ്ടെത്തും.

error: Content is protected !!