വിദ്യാർഥിനിക്ക് മുന്നിൽ നഗ്നതാ പ്രദർശനം: ജിം ട്രെയിനർ അറസ്റ്റിൽ

സ്കൂൾ വിദ്യാർഥിനിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ജിം ട്രെയിനർ ശ്രീകണ്ഠപുരത്ത് അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരിയിലെ കുന്നപ്പള്ളിച്ചിറ സുലൈമാൻ എന്ന സൽമാനെ (35) യാണ് ശ്രീകണ്ഠപുരം എസ്ഐ സി. പ്രകാശനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വർഷമായി ശ്രീകണ്ഠപുരം ടൗണിൽ ജിം ട്രെയിനായി ജോലി ചെയ്യുന്ന ഇയാൾ ഇവിടെ വാടക ക്വാർട്ടേഴ്സിലാണ് താമസം.
കഴിഞ്ഞ മാസം ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ഡാൻസ് ക്ലാസ് കഴിഞ്ഞ് റോഡരികിലൂടെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 12 കാരിയായ വിദ്യാർഥിനിക്ക് പിന്നാലെ ബൈക്കിത്തിയ ഇയാൾ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതി. വീട്ടുകാർ പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. ആലപ്പുഴയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഇന്ന് പുലർച്ചെ ഇരിക്കൂറിൽ നിന്നാണ് പിടികൂടിയത്.