പ്രധാനമന്ത്രിയെക്കുറിച്ചുള്ള ശശി തരൂരിന്‍റെ പുസ്തകം പ്രകാശനം ചെയ്തു

പുറത്തിറങ്ങും മുൻപേ ഏറെ ചര്‍ച്ചാ വിഷയമായ ശശി തരൂരിന്‍റെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പുസ്തകം ദില്ലിയില്‍ പ്രകാശനം ചെയ്തു.  മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്. തലസ്ഥാനത്തെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മോദിയുടെ നാലര വര്‍ഷത്തെ ഭരണത്തെക്കുറിച്ചുള്ള പാനൽ ചര്‍ച്ചയും ഉണ്ടായിരുന്നു.

‘ദി പാരഡോക്സിക്കല് പ്രൈം മിനിസ്ററര്‍’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദി പിന്നിട്ട ദിവസങ്ങളുടെ വിമര്‍ശനാത്മക വിലയിരുത്തലാണ്. മോദി വല്‍ക്കരണം, നോട്ടുനിരോധനം, ജിഎസ്ടി പോലുള്ള സാമ്പത്തിക പരിഷക്കാരങ്ങള്‍, ആള്‍ക്കൂട്ട കൊലപാതകം തുടങ്ങിയ വിഷയങ്ങള്‍ ഇതിൽ പ്രത്യേകം പ്രതിപാദിക്കുന്നുണ്ട്. മികച്ച മാര്‍ക്കറ്റിംഗിന്‍റെ സഹായത്തോടെയുള്ള വ്യാജനിര്‍മിതിയുടെ പുറത്താണ് മോദിയുടെ നിലനിൽപ്പെന്ന് പുസ്തകം പരിചയപ്പെടുത്തി ശശി തരൂർ പറഞ്ഞു

അതേസമയം ശശി തരൂരിന്‍റെ പുസ്തകങ്ങളെ താന്‍ ഇഷ്ടപ്പെടുന്നതിന്‍റെ കാരണങ്ങള്‍ പാനല്‍ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം വെളിപ്പെടുത്തി. പൊതുവേ പുരോഗമനവാദിയെന്ന് നടിക്കുകയും, അതേസമയം പ്രതിലോപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് നരേന്ദ്ര മോദിയുടെ ശൈലി. ഈ വൈരുദ്ധ്യം തുറന്ന് കാട്ടേണ്ടതുണ്ട്. ശശി തരൂരിനെ വായിക്കാന് എനിക്ക് ഒരുപാട് കാരണങ്ങളുണ്ട്. പുതിയ വാക്കുകള്‍ എനിക്ക് ലഭിക്കുന്നു എന്നതാണ് ഇതില്‍ ഒരു പ്രധാനപ്പെട്ട കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകൻ ഭൂപേന്ദ്ര ചൗബെ നയിച്ച പാനല്‍ ചര്‍ച്ചയില്‍ മുന്‍ കേന്ദ്രമന്ത്രി അരുൺ ഷൂറി, രാജ്യസഭാഗം പവന്‍ കുമാര്‍ വര്‍മ, ആംആദ്മി പാര്‍ട്ടി മുന്‍ വക്താവ് അശുതോഷ് എന്നിവരും പങ്കെടുത്തു.

error: Content is protected !!