അമിത് ഷാ ഇന്ന് കേരളത്തില്‍; കാത്തിരിക്കുന്നത് ശബരിമലയും മഞ്ചേശ്വരവും അടക്കം നിര്‍ണായക വിഷയങ്ങള്‍

ബിജെപി ദേശീയ അധ്യഷൻ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. സർക്കാർ നടപടികൾ കടുപ്പിച്ചിരിക്കെ ശബരിമല വിഷയത്തിൽ ഇനിയെന്ത് എന്നതിനുള്ള ബിജെപിയുടെ ഉത്തരമാകും അമിത് ഷായുടെ സന്ദര്‍ശനം. ബിജെപി കണ്ണൂര്‍ ജില്ലാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ആണ് പ്രധാന അജണ്ട. മുമ്പ് പൂർത്തിയാക്കാതെ മടങ്ങിയ പിണറായിയിലെ രമിത്തിന്റെ വീട് സന്ദർശനത്തിന് പുറമെ രാഷ്ട്രീയ പ്രാധാന്യമുള്ള നീക്കങ്ങളും അമിത് ഷായുടെ സന്ദർശനത്തിലുണ്ടാകും.

ശബരിമല വിഷയത്തിൽ ശക്തമായ നിലപാടെടുത്ത് നിൽക്കെയാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. ഭക്തരെ മുൻനിർത്തി, ഹിന്ദു സംഘടനകൾക്കൊപ്പം ചേർന്നുള്ള സമരം ഏകോപിപ്പിക്കുന്നതിൽ ആശയക്കുഴപ്പമെന്ന തോന്നലൊഴിവാക്കുന്നതിനുള്ള നിർദേശം സംസ്ഥാന നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. പുനപരിശോധനാ ഹർജിയിൽ തീരുമാനത്തിനായി കാത്തിരുക്കുമ്പോഴും മണ്ഡലകാലത്തിനായി സർക്കാരെടുക്കുന്ന മുൻകരുതലുകൾക്കൊപ്പം ഒരുങ്ങേണ്ട ഘട്ടത്തിലാണ് ബിജെപി.

ഉപതെരഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ ബിജെപി തീരുമാനമെടുക്കേണ്ട നിർണായക ഘട്ടം കൂടിയാണിത്. രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള ഇക്കാര്യത്തിൽ അമിത് ഷായുടെ നിർദേശം ആരായാൻ സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ നാടായ പിണറായിയിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രമിത്തിന്റെ വീട് സന്ദർശിക്കുമെന്നത് അമിത് ഷാ കഴിഞ്ഞ ജനരക്ഷായാത്രയിൽ പ്രഖ്യാപിച്ച് നടപ്പാക്കാനാകാതെ പോയതാണ്. ഹർത്താൽ നടത്തി പ്രതിരോധിച്ചതിന് പിന്നാലെ, അമിത് ഷാ സന്ദർശനം  റദ്ദാക്കിയത് സിപിഎം രാഷ്ട്രീയ വിഷയമാക്കിയിരുന്നു. ഇതാണ് രണ്ടാംവരവിൽ അമിത്ഷാ പ്രത്യേകം താൽപര്യമെടുത്ത് പൂർത്തിയാക്കുന്നത്.

ശിവഗിരി സന്ദർശനം കഴിഞ്ഞ് 28ന് തിരികെപ്പോവുന്നതിന് മുൻപായി കോൺഗ്രസ് നേതാവ് രാമൻ നായരുൾപ്പടെ പ്രമുഖരെ ബിജെപിയിലെത്തിക്കുന്നതിനുള്ള നീക്കങ്ങൾക്കും ശ്രമം നടത്തും. ശബരിമല പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഇത് നേട്ടമാകുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

error: Content is protected !!