ശബരിമല: കൂടുതല്‍ പുനപരിശോധനാ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ

ശബരിമലസ്ത്രീ പ്രവേശന ഉത്തരവിനെതിരെ കൂടുതൽ പുനപരിശോധനാ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ എത്തിയേക്കും. തന്ത്രി കുടുംബം ഹർജി നൽകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എൻഎസ്എസും പന്തളം രാജകുടുംബവും അടക്കം നാല് പേരാണ് ഇതുവരെ ഹർജികൾ സമർപ്പിച്ചത്.

പൂജ അവധി വരുന്നതിനാൽ ഒക്ടോബര്‍ 28ന് ശേഷമേ കേസ് എന്ന് പരിഗണിക്കണം എന്ന് സുപ്രീംകോടതി തീരുമാനിക്കാൻ സാധ്യതയുള്ളൂ. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച സാഹചര്യത്തിൽ ഭരണഘടന ബെഞ്ചിലെ പുതിയ ജഡ്ജിയായ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയാണ് പുനപരിശോധനാ ഹർജികളിൽ തീരുമാനം എടുക്കേണ്ടത്.

അതേസമയം, ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകൾ ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. ജെല്ലിക്കെട്ട് മാതൃകയിൽ ഓര്‍ഡിനൻസ് കൊണ്ടുവരാൻ സർക്കാർ മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടാണ് രാജ്ഭവൻ മാർച്ച്.

ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ആചാരങ്ങൾ നിലനിർത്തണമെന്നും ഹൈന്ദവ സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.

error: Content is protected !!