ശബരിമല: നിയമം ഉണ്ടാക്കേണ്ടത് മോദി സര്‍ക്കാരെന്ന് സി.പി.എം

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ ബി.ജെ.പിയും കൈക്കൊണ്ട നിലപാടില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമന്റെില്‍ നിയമനിര്‍മാണം നടത്തണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി. ബി.ജെ.പിക്ക് ലോക്‌സഭയില്‍ തനിച്ച് നിയമനിര്‍മാണം നടത്താനുള്ള ഭൂരിപക്ഷമുള്ളതിനാല്‍ ശബരിമലയിലെടുത്ത നിലപാട് നടപ്പില്‍വരുത്താന്‍ അവര്‍ക്ക് കഴിയുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

രാജ്യമൊന്നാകെ ബാധകമാകുന്ന വിധിയാണ് ശബരിമല കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഇതിനെതിരെ നിയമനിര്‍മാണം നടത്തേണ്ടത് പാര്‍ലമന്റൊണ്. അതവര്‍ ചെയ്യുന്നില്ല. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്നതു മാത്രമാണ് ബി.ജെ.പിയുടെ ലക്ഷ്യം. ആര്‍.എസ്.എസും ഇതിന് ഒത്താശചെയ്യുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതിയുടെ വിധിയെന്നാണ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി വിലയിരുത്തല്‍. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ സി.പി.എം സ്വാഗതംചെയ്യുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനം ഉറപ്പാക്കുന്ന സുപ്രീംകോടതി വിധി വനിതകളുടെ തുല്യാവകാശം ഉയര്‍ത്തിപ്പിടിക്കുന്നതാണ്.

കോണ്‍ഗ്രസ് തെരുവിലിറങ്ങിയത് ആര്‍.എസ്.എസിനെ സഹായിക്കാന്‍ മാത്രമാണ്. ദേശീയതലത്തില്‍ കോണ്‍ഗ്രസ് സുപ്രീംകോടതി വിധിയെ അനുകൂലിക്കുകയും കേരളത്തില്‍ മറ്റൊരു നിലപാട് എടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. ഇതും വോട്ട് ലക്ഷ്യംവെച്ചുള്ളതാണ്.

കോണ്‍ഗ്രസും ബി.ജെ.പിയും ആര്‍.എസ്.എസും ഒരുപോലെ സമത്വത്തെയും മതേതര മൂല്യങ്ങളെയും വെല്ലുവിളിക്കുകയാണ്. കേരളത്തിലുണ്ടായ പ്രളയത്തെ കൈകോര്‍ത്തുനിന്ന് നേരിട്ട ഇടതുമുന്നണി സര്‍ക്കാറിനെയും ജനങ്ങളെയും പാര്‍ട്ടിയെയും കേന്ദ്ര കമ്മിറ്റി പ്രശംസിച്ചു. നവകേരള സൃഷ്ടി എന്ന ആശയമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. അഭിനന്ദനാര്‍ഹമായ ആശയമാണിത്. രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനകള്‍ നല്‍കിയ എല്ലാവരെയും കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു.

error: Content is protected !!