ശബരിമല: കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന്

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗം ഇന്ന് ചേരും. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇനി സ്വീകരിക്കണ്ട നിലപാട് തീരുമാനിക്കാനാണ് അടിയന്തര യോഗം. ശബരിമല യുവതി പ്രവേശനത്തിൽ വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസ് എന്ന് പ്രഖ്യാപിച്ചെങ്കിലും വേണ്ട വിധത്തിൽ വിഷയം കൈകാര്യം ചെയ്യാനായിട്ടില്ലെന്നാണ് പൊതുവിലയിരുത്തൽ. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുമ്പോഴും തെരുവിലിറങ്ങിയുള്ള പരസ്യ പ്രതിഷേധങ്ങൾക്കില്ലെന്നായിരുന്നു യുഡിഎഫ് തീരുമാനവും.

എന്നാൽ ഈ വിഷയത്തില്‍ ബിജെപി രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയെന്നാണ് കോണ്‍ഗ്രസിന്‍റെ പൊതുവിലയിരുത്തൽ. സര്‍ക്കാരിനെതിരെ വീണുകിട്ടിയ വിഷയം വേണ്ടപോലെ ഉപയോഗിക്കാത്തതിൽ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിൽ അതൃപ്തിയുമുണ്ട്. ഇതിനുകൂടി പരിഹാരം തേടിയാണ് അടിയന്തര യോഗം ചേരുന്നത്. പത്തനംതിട്ട ജില്ല കോണ്‍ഗ്രസ് കമ്മറ്റി മാത്രമാണ് പരസ്യ പ്രതിഷേധത്തിൻറെ ഭാഗമായി പ്രാര്‍ഥന യജ്‍‍ഞവുമായി രംഗത്തെത്തിയത്.

എന്നാല്‍ സംസ്ഥാന നേതൃത്വം പരസ്യ പ്രതിഷേധ പരിപാടികളൊന്നും ഇതുവരെ സംഘടിപ്പിച്ചിട്ടില്ല. പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങണോ അതോ നിലവിലെ നിലപാടില്‍ തുടരണോ എന്ന കാര്യം യോഗത്തില്‍ തീരുമാനിക്കും. ഒപ്പം യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രയാര്‍ ഗോപാലകൃഷ്ണൻ വഴി പുനപരിശോധന ഹര്‍ജി നല്‍കാനുള്ള തീരുമാനവും ചര്‍ച്ച ചെയ്യും.

error: Content is protected !!