ശബരിമല വിധി: ജഡ്ജിമാരേയും സ്ത്രീകളേയും അധിക്ഷേപിച്ച് നടന്‍ കൊല്ലം തുളസി

ശബരിമല വിധിയില്‍ ജഡ്ജിമാരേയും സ്ത്രീകളേയും അധിക്ഷേപിച്ച് നടനും ബി.ജെ.പി നേതാവുമായ കൊല്ലം തുളസി. ശബ രിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഇതില്‍ ഒരു ഭാഗം ദല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടുക്കണം എന്നുമായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം. ചവറയില്‍ നടന്ന എന്‍.ഡി.എയുടെ ശബരിമല വിശ്വാസ സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ആമുഖ പ്രഭാഷണം നടത്തുന്നതിനിടെയാണ് കൊല്ലം തുളസി ഇത്തരത്തില്‍ സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയത്.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയ ജഡ്ജിമാര്‍ ശുംഭന്‍മാര്‍ ആണെന്നും കൊല്ലം തുളസി പരിഹസിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി. ശ്രീധരന്‍പിളളയായിരുന്നു ജാഥയുടെ ക്യാപ്റ്റന്‍. ബി.ജെ.പി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപകരമായ പരാമര്‍ശം.

വില്ലന്‍ കഥാപാത്രങ്ങളെ കൊണ്ട് സിനിമയില്‍ തിളങ്ങിയ കൊല്ലം തുളസി അടുത്ത കാലത്താണ് ബി ജെ പി യിൽ ചേർന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുണ്ടറയിലെ ബി ജെ പി സ്ഥാനാർഥി ആയിരുന്നു കൊല്ലം തുളസി. നേരത്തെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചക്കിടെ കൊലവിളിയും ഭീഷണിയുമായി ബി ജെ പി നേതാവ് അഡ്വ. ഗോപാലകൃഷ്ണൻ രംഗത്ത് വന്നിരുന്നു. ഒരു ചാനല്‍ ചർച്ചയിലാണ് സി പി എം നേതാവ് സതി ദേവിക്കെതിരെ കൊലവിളിയുമായി ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്.

“സതിദേവി അടക്കമുള്ളവർ അയ്യപ്പനോട് മാപ്പു പറഞ്ഞ് നിലപാട് തിരുത്തണം, ഇല്ലെങ്കിൽ നിങ്ങളുടെ ജഡം പോലും ഉണ്ടാവില്ല കേരളത്തിൽ. കൊത്തിപ്പറക്കും കൃഷ്ണപ്പരുന്ത്. വിശ്വാസികളോട് കളിച്ചാൽ ഈ നാട്ടിൽ കമ്മ്യൂണിസം ഇല്ലാതാവും”. എന്നായിരുന്നു ഗോപാലകൃഷ്ണൻ ഭീഷണി മുഴക്കിയത്.

error: Content is protected !!