രൂപ കോമയിലെന്ന് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ

സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഇന്ത്യയില്‍ രൂപ കോമ സ്റ്റേജിലാണെന്ന് മുന്‍ ധനമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ. പക്ഷെ പുറത്തു പറഞ്ഞാല്‍ രാജ്യദ്രോഹിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്ര മഞ്ചിന്റെ വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യന്‍ രൂപ ഐ.സി.യുവിലാണ് എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. അന്ന് രൂപയുടെ മൂല്യം 60 ആയിരുന്നു. ഇന്നിപ്പോള്‍ 75 ആണ്. ഈ സമയത്ത് രൂപ കോമയിലാണ് എന്നല്ലാതെ മറ്റെന്താണ് പറയാന്‍ സാധിക്കുക? സിന്‍ഹ ചോദിച്ചു.

ഇന്നത്തെ സാഹചര്യത്തില്‍ ഒരു പൗരനും സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ അവകാശമില്ല. അങ്ങനെ സംസാരിക്കൂന്നവരെ രാജ്യദ്രോഹിയായി മുദ്രകുത്തുകയാണ്. അതാകട്ടെ ജനാധിപത്യ വിരുദ്ധവും-സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞു. ഉയരുന്ന ഇന്ധനവിലയും വിലക്കയറ്റവും രാജ്യത്തെ ജനജീവിതം താറുമാറാക്കുന്നുവെന്നും നരേന്ദ്ര മോദി യുടെ വിമര്‍ശകനായ അദ്ദേഹം കുറ്റപ്പെടുത്തി. റഫേല്‍ കരാറില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. സി.ബി.ഐക്ക് പരാതി നല്‍കാനാണ് തീരുമാനം. അത് എന്‍.ഡി.എ ഗവണ്‍മെന്റിന്റെ അഴിമതിയാണ്. നരേന്ദ്ര മോദിയാണ് അതിന് കാരണക്കാരന്‍. ഒരു മാസം സി.ബി.ഐയുടെ റിപ്പോര്‍ട്ടിനായി കാത്തുനില്‍ക്കും. അതും ഫലം കണ്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം- സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

error: Content is protected !!