ദേവസ്വംബോർഡ് വീണ്ടും സുപ്രീംകോടതിയിലേക്ക്

ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രസിഡന്റ് പത്മകുമാര്‍. വിശദമായ റിപ്പോര്‍ട്ട് നല്‍കി സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും നേരത്തെ ദേവസ്വംബോര്‍ഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ബോര്‍ഡിന് വേണ്ടി ഹാജരാകുമെന്നും പത്മകുമാര്‍ പറഞ്ഞു. ഇത് പുനപരിശോധനാ ഹര്‍ജിയാകുമോയെന്നുള്ള ചോദ്യത്തിന് പത്മകുമാര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

‘ശബരിമല സമാധാനത്തിന്‍റെ പൂങ്കാവനമാണ്. ഇവിടത്തെ സ്ഥിതി ഇപ്പോൾ മോശമാണ്. ഇവിടത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ദേവസ്വംബോർഡിന് ആഗ്രഹമില്ല. കേസിൽ ദേവസ്വംബോർഡ് ഇടപെടാൻ തന്നെയാണ് തീരുമാനം. ശബരിമലയിലെ ആചാരങ്ങൾ തൽസ്ഥിതിപ്രകാരം തന്നെ തുടരണമെന്നാണ് ബോർഡിന്‍റെ ആവശ്യം. ശബരിമലയെച്ചൊല്ലി രാഷ്ട്രീയം കളിയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ല.’ എ.പദ്മകുമാർ വ്യക്തമാക്കി.

‘ഇക്കാര്യത്തിൽ നിയമപരമായി എങ്ങനെ നീങ്ങണമെന്ന കാര്യം മനു അഭിഷേക് സിംഗ്‍വിയുമായി വിശദമായി ചർച്ച നടത്തും. പ്രശ്നപരിഹാരത്തിന് ആത്മാർഥമായ ശ്രമമാണ് ബോർഡിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നത്.’ പദ്മകുമാർ വ്യക്തമാക്കി.

യോഗത്തിന് മുന്നോടിയായി സിപിഎം നേതൃത്വവുമായി ബോർഡ് ചർച്ച നടത്തിയിരുന്നു.  ഇന്ന് രാവിലെയും മൂന്ന് സ്ത്രീകൾ മല കയറാനെത്തിയപ്പോഴുണ്ടായ സംഘർഷഭരിതമായ സ്ഥിതിയുടെ കൂടി പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.

സമരം അവസാനിപ്പിയ്ക്കാൻ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ.പദ്മകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. പുനഃപരിശോധനാഹർജി നൽകിയാൽ സമരം നിർത്തുമോ എന്നും എ.പദ്മകുമാർ സമരക്കാരോട് ചോദിച്ചു.  ബോർഡിന് രാഷ്ട്രീയമില്ല. ഹർജി നൽകിയാൽ സമരം നിർത്തുമോ എന്ന് സമരനേതാക്കൾ തന്നെ പറയണം. ശബരിമലയിൽ സമാധാനമുണ്ടാക്കാൻ എല്ലാവരും ഒന്നിച്ചു നിൽക്കണം: പദ്മകുമാർ പറ‌ഞ്ഞു.

error: Content is protected !!