ആക്ടിവിസ്റ്റുകൾക്ക് ശബരിമലയില്‍ വരാം: കടകംപള്ളിയെ തള്ളി കോടിയേരി

ശബരിമലയിൽ ആക്ടിവിസ്റ്റുകൾ പ്രവേശിക്കരുതെന്ന നിലപാട് സിപിഎമ്മിനില്ലെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആക്ടിവിസ്റ്റുകൾ എന്ന പേരിൽ കുഴപ്പമുണ്ടാക്കാൻ വരരുതെന്നാണു നിലപാട്. ആക്ടിവിസ്റ്റ് വിശ്വാസിയാണെങ്കിൽ അവർക്കു ശബരിമലയിലേക്കു പോകുന്നതിൽ തടസ്സമില്ല. ഇടതുമുന്നണി ആരുടെയും വിശ്വാസത്തിന് എതിരല്ല. പക്ഷേ അതിന്റെ പേരിൽ പ്രശ്നമുണ്ടാക്കാൻ പറ്റില്ല. കുഴപ്പമുണ്ടാക്കാൻ വരുന്നവരെ മാത്രമേ തടയേണ്ടതുള്ളൂവെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാടിനെ തള്ളിയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്.

ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാരെ വര്‍ഗ്ഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും കോടിയേരി കുറ്റപ്പെടുത്തി. നിയമവാഴ്ചയെ അട്ടിമറിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് കോൺഗ്രസും ബിജെപിയും നടത്തുന്നത്. ഭക്തിയുടെ മറവിൽ ആളുകളെ ഇളക്കിവിടാനുള്ള ശ്രമമാണ് നടക്കുന്നത്. മഹാരാഷ്ട്രയിലെ ശനി ശിഖ്നാപൂർ ക്ഷേത്രത്തിലും ഹാജി അലി ദർഗയിലും സ്ത്രീകൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. എന്നാൽ കോടതിവിധിയുടെ അടിസ്ഥാനത്തിൽ അവിടത്തെ ബിജെപി സർക്കാരാണ് ഈ ദേവാലയങ്ങളിൽ സ്ത്രീപ്രവേശനം അനുവദിച്ച വിധി നടപ്പാക്കിയത്. മഹാരാഷ്ട്രയിലെ കോൺഗ്രസും ഇതിന് അനുകൂലമായിരുന്നു. കേരളത്തിൽ ഇടതുപക്ഷ സർക്കാർ ആയതുകൊണ്ടാണ് ഇവർ ഇവിടെ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ശബരിമലയെ സംഘർഷഭൂമിയാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കോൺഗ്രസും ബിജെപിയും പിന്‍മാറണം.

ഇടതുപക്ഷ മുന്നണിയോ ഇടത് സര്‍ക്കാരോ ചോദിച്ച് വാങ്ങിയ വിധിയല്ല ശബരിമലയുടെ കാര്യത്തിൽ ഉണ്ടായത്. സംഘപരിവാറുമായി ബന്ധപ്പെട്ട സംഘടനയിലെ സ്ത്രീകളാണ് കേസിന് പോയത്. അവർ നേടിയെടുത്ത വിധിയാണിത്. ബിജെപിയോ കേന്ദ്ര സര്‍ക്കാരോ സ്ത്രീ പ്രവേശനം വേണ്ടെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിട്ടില്ല. വിധി നടപ്പാക്കുമ്പോൾ വേണ്ടത്ര മുൻകരുതലുകൾ എടുക്കണമെന്ന് കേന്ദ്രസർക്കാർ കേരളമുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രത്തിലെ കേന്ദ്രസർക്കാരിനും ബിജെപി കേന്ദ്രനേതൃത്വത്തിനും ഈ വിധി നടപ്പാക്കണമെന്ന അഭിപ്രായമാണ്.

വിധി നടപ്പിലാക്കുമ്പോൾ സുരക്ഷാനടപടികൾ സ്വീകരിക്കണമെന്ന് ബിജെപി നയിക്കുന്ന കേന്ദ്രം ആവശ്യപ്പെടുമ്പോള്‍ കേരളത്തിലെ ബിജെപിക്കാര്‍ ഇതിനെതിരെ സമരം ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് കോടിയേരി വിമർശിച്ചു. ബിജെപിയോ കേന്ദ്ര സര്‍ക്കാരോ സ്ത്രീ പ്രവേശനം വേണ്ടെന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നില്ല. എന്നാൽ ഇപ്പോൾ അവർ പറയുന്നത് കോടതിവിധിയും ഭരണഘടനയും തങ്ങൾക്ക് ബാധകമല്ല എന്നാണ്. ഈ വാദഗതി ബാബറി മസ്ജിദിന്‍റെ കാര്യത്തിൽ ആവർത്തിച്ചാൽ എന്താകും നില? ഭരണഘടന അംഗീകരിക്കില്ല എന്ന ആർഎസ്എസിന്‍റെ നയം നടപ്പാക്കണമെന്നാണ് കോൺഗ്രസും മുസ്ലീം ലീഗും കേരളത്തിൽ പറയുന്നത്. വിധിയെ ആദ്യം സ്വാഗതം ചെയ്ത കോൺഗ്രസ് പിന്നീട് എന്തുകൊണ്ട് നിലപാടുമാറ്റിയെന്ന് വ്യക്തമാക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

ശബരിമലയുടെ പേരിൽ രാഷ്ട്രീയസമരം നടക്കുന്നത് പാർട്ടിയും മുന്നണിയും തുറന്നുകാട്ടും. വിധി നടപ്പാക്കുക എന്നത് മാത്രമാണ് നിയമപരമായി സർക്കാരിന് ചെയ്യാനാകുക. എന്നാൽ അത് വിശ്വാസത്തെ ബാധിക്കാത്ത തരത്തിൽ മുന്നോട്ട് പോകണം. തെറ്റിദ്ധരിപ്പിക്കപ്പെട്ട വിശ്വാസികളും ഈ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ആ തെറ്റിദ്ധാരണ മാറ്റുക എന്ന ദൗത്യം പാർട്ടി ഏറ്റെടുക്കുകയാണ്. വസ്തുതകൾ ജനങ്ങളിലെത്തിക്കാൻ നവംബർ മൂന്ന് നാല് ദിവസങ്ങളിൽ ഗൃഹസന്ദർശന പരിപാടി സംഘടിപ്പിക്കും. ജില്ലാ തലത്തിൽ വിശദീകരണ യോഗങ്ങളും റാലികളും നടത്തും. കോൺഗ്രസോ ബിജെപിയോ പുനഃപരിശോധനാ ഹർജി നൽകാത്തത് എന്തുകൊണ്ടാണെന്നും കോടിയേരി ചോദിച്ചു.

error: Content is protected !!