കേന്ദ്രത്തിന്‍റെ ഇടപെടല്‍: റിസര്‍വ് ബാങ്കിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവുന്നില്ലെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ വീരല്‍ ആചാര്യ

രാജ്യത്തെ ബാങ്കിങ് സംവിധാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അമിതമായി കൈകടത്തുന്നതായി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വീരല്‍ ആചാര്യ. രാജ്യത്തെ ബാങ്കിങ് സംവിധാന നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിന് വേണ്ടത്ര അധികാരമില്ലെന്നും വീരല്‍ ആചാര്യ പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ മൂലധന നീക്കിയിരിപ്പ് വര്‍ധിപ്പിച്ച് പ്രവര്‍ത്തനം ശക്തമാക്കാന്‍ നോക്കുമ്പോള്‍ സര്‍ക്കാര്‍ ഇതിന്റെ വലിയൊരു പങ്ക് ചോദിച്ചു വാങ്ങുകയാണെന്നും ആചാര്യ പറഞ്ഞു.

‘പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനം ശുദ്ധീകരിക്കാനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം. എന്നാല്‍, അതിനുള്ള പല അധികാരങ്ങളും ബാങ്കിനില്ല. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനോ, ബാങ്കുകളുടെ ലൈസന്‍സ് നിഷേധിക്കുന്നതിനോ, ബാങ്കുകള്‍ തമ്മിലുള്ള ലയനം നടപ്പാക്കാനോ റിസര്‍വ് ബാങ്കിന് അധികാരമില്ല. ബാങ്കിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെയാണ് ഇത് ബാധിക്കുന്നത്- അദ്ദേഹം പറഞ്ഞു.

‘പൊതുമേഖലാ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനും മേല്‍നോട്ടം വഹിക്കാനുമുള്ള പൂര്‍ണസ്വാതന്ത്ര്യം റിസര്‍വ് ബാങ്കിന് ലഭിക്കണം. എങ്കില്‍ മാത്രമേ ബാങ്കുകള്‍ക്കുണ്ടാകുന്ന വായ്പാനഷ്ടവും മറ്റും ഇല്ലാതാക്കാനും അത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവരെ നിയന്ത്രിക്കാനും കഴിയുകയുള്ളൂ. സര്‍ക്കാര്‍ മറ്റൊരു പേയ്മെന്റ് നിയന്ത്രണ അതോറിറ്റിയെ സൃഷ്ടിക്കുന്നതും റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

error: Content is protected !!