ജുഡീഷ്യറിയെ കൂടി തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമം: പ്രശാന്ത് ഭൂഷണ്‍
സി.ബി.ഐയിലും വിജിലന്‍സിലും (സി.വി.സി), തെരഞ്ഞെടുപ്പ് കമ്മീഷനിലും സംഘപരിവാര്‍ കൈകടത്തി കഴിഞ്ഞെന്നും ഇനി ജുഡീഷ്യറിയെ കൂടി തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍. പഞ്ചാബ് സര്‍വകലാശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയില്‍ ബ്ലാക്ക്‌മെയിലിങ് നടക്കുന്നുണ്ട്. അഴിമതിക്കാരായ ജഡ്ജിമാരെ നിയമിച്ച് അവരെ കേസ് കാണിച്ച് വരുതിയില്‍ വരുത്താനാണ് ശ്രമിക്കുന്നത്. മുന്‍ ചീഫ് ജസ്റ്റിസിനെതിരെ സി.ബി.ഐയുടെ പക്കല്‍ തെളിവുകളുണ്ടായിരുന്നിട്ടും സര്‍ക്കാരിന് ബ്ലാക്ക്‌മെയിലിങ് തുടരണമെന്നതിനാല്‍ കേസുമായി മുന്നോട്ടു പോകാന്‍ അനുവദിച്ചില്ലെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. എന്നാല്‍ പുതിയ ചീഫ് ജസ്റ്റിസ് താന്‍ സര്‍ക്കാരിന് വിധേയനല്ലെന്നാണ് വ്യക്തമാക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതിക്കാരായിരുന്നെങ്കില്‍ ബി.ജെ.പി ഫാസിസമാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ഘടന തന്നെ ഫാസിസമാണ്. പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. രാജ്യത്തെ സര്‍വകലാശാലകള്‍ കാവിവത്കരിക്കുന്നത് സ്വതന്ത്രചിന്ത ഇല്ലാതാക്കി വിദ്യാര്‍ത്ഥികളെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളാക്കുന്നതിന് വേണ്ടിയാണ്. വര്‍ഗീയതയും അന്ധവിശ്വാസങ്ങളും പഠിപ്പിക്കുന്ന കേന്ദ്രങ്ങളായി ക്യാമ്പസുകളെ മാറ്റാനാണ് സംഘപരിവാറുകാരായ വി.സിമാരെ നിയമിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.