സിബിഐ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്: രാഹുല്‍ ഗാന്ധി അറസ്റ്റില്‍

സി.ബി.ഐ ഡയറക്ടറെ മാറ്റിയ സംഭവത്തില്‍ പ്രതിഷേധിച്ച് സി.ബി.ഐ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. സി.പി.ഐ.എം അടക്കമുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പ്രതിനിധികളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേൽ, പ്രമോദ് തിവാരി, അശോക് ഗെഹ്‍ലോട്ട് എന്നിവരും റാലിയിൽ രാഹുലിനെ അനുഗമിച്ചു. തൃണമൂൽ കോൺഗ്രസിന്‍റെയും ആം ആദ്മി പാർട്ടിയുടെയും നേതാക്കൾ റാലിയിലുണ്ടായിരുന്നു.

മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ സിബിഐയിലെ ചേരിപ്പോരിനെതിരെ രൂക്ഷമായ ആക്രമണമാണ് രാഹുൽഗാന്ധി നടത്തിയത്. രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമിയ്ക്കുകയാണെന്ന് പറഞ്ഞ രാഹുൽ രാജ്യത്തിന്‍റെ കാവൽക്കാരൻ കള്ളനായി മാറിയെന്നും ആരോപിച്ചു.

കേരളമുൾപ്പടെ രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിലും സമാനമായ പ്രതിഷേധങ്ങൾ നടന്നിരുന്നു. തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും മാർച്ച് ഉദ്ഘാടനം ചെയ്തു. മുട്ടത്തറയിലെ സിബിഐ ഓഫീസിന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു.

error: Content is protected !!