ഫാദര്‍ കുര്യാക്കോസിന്‍റെ പോസ്റ്റ്‌മോര്‍ട്ടം: പഞ്ചാബ് പൊലീസില്‍ വിശ്വാസമില്ലെന്ന് സഹോദരന്‍

പഞ്ചാബ് പൊലീസില്‍ വിശ്വാസമില്ലെന്ന് ഫാദര്‍ കുര്യക്കോസ് കാട്ടുതറയുടെ സഹോദരന്‍. മൃതദേഹം ആലപ്പുഴയില്‍ കൊണ്ടുവന്ന് സംസ്‌ക്കരിക്കണമെന്നായിരുന്നു ആവശ്യമെന്നും സഹോദരന്‍ പറഞ്ഞു. ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. വൈദീകന്റെ ബന്ധുക്കള്‍ മരണം നടന്ന ദസൂയയില്‍ എത്തിയ ശേഷമായിരിക്കും നടപടികള്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നാണ് പൊലീസ് പോസ്റ്റ്‌മോര്‍ട്ടം മാറ്റിവെച്ചത്.

ഇന്ന് രാവിലെ 11 മണിയോടെ ഫാദർ കുര്യാക്കോസിന്‍റെ രണ്ട് ബന്ധുക്കൾ ആലപ്പുഴയിൽ നിന്ന് ജലന്ദറിൽ എത്തും. മൃതദേഹം ബസ്വായിലെ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവിടെയെത്തി അധികൃതരുമായി ചർച്ച നടത്തിയ ശേഷം പോസ്റ്റ്മോർട്ടം എവിടെ നടത്തണമെന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് ജലന്ധർ രൂപത അറിയിച്ചു.

സ്വഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹോഷ്യാപൂർ പൊലീസ് സൂപ്രണ്ട് ഇന്നലെ മാധ്യമപ്രവർത്തകരെ അറിയിച്ചിരുന്നു. എന്നാൽ മരണ കാരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപണമുന്നയിച്ച സാഹചര്യത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫാദർ കുര്യാക്കോസിന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറയിച്ചിട്ടുണ്ട്.

ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാദർ കുര്യാക്കോസ് മൊഴി നൽകിയിരുന്നു. ബിഷപ്പിന്‍റെ അറസ്റ്റിനു‍പിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്‍റെ വീട്ടിന് നേരെ ആക്രമണം ഉണ്ടായി. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

error: Content is protected !!