ആക്രമിക്കപ്പെട്ടുവെന്ന് സുഹാസിനി രാജ്: കേസ് രജിസ്റ്റര്‍ ചെയ്തു

ചിത്രം: ഏഷ്യാനെറ്റ്‌ ന്യൂസ്

ശബരിമല വിഷയം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ്, താന്‍ മരക്കൂട്ടത്ത് വച്ച അക്രമിക്കപ്പെട്ടന്ന് പോലീസില്‍ പരാതി നല്‍കി. ഇവരുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. രാവിലെ പൊലീസ് സംരക്ഷണത്തോടെ സന്നിധാനത്തേക്ക് പോയ സുഹാസിനിയേയും സഹപ്രവര്‍ത്തകന്‍ കാള്‍ സ്വാഹനെയും വിശ്വാസികള്‍ മരക്കൂട്ടത്ത് വച്ച് തടയുകയും തെറിവിളിക്കുകയും ചെയ്തിരുന്നു.

അമ്പതോളം പൊലീസുകാരുടെ അകമ്പടിയോടെയാണ് ഇവര്‍ മരക്കൂട്ടത്തെത്തിയത്. എന്നാല്‍ വിശ്വാസികളെന്ന് പറഞ്ഞെത്തിയ ഒരു കൂട്ടം ആള്‍ക്കാര്‍ ഇവരെ അക്രമിക്കാന്‍ ശ്രമിക്കുയും തെറിവിളിക്കുകയുമായിരുന്നു. തനിക്ക് നേരെ കല്ലേറുണ്ടായെന്നും കയ്യേറ്റത്തിന് ശ്രമിച്ചതായിയും സുഹാസിനി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സുഹാസിനിയേ കൂടാതെ ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിനായെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ രൂക്ഷമായാണ് വിശ്വാസികള്‍ പ്രതികരിക്കുന്നത്.

നിലയ്ക്കലില്‍ വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ കമലേഷിനെ റിപ്പോര്‍ട്ടിങ്ങിനിടെ തടസപ്പെട്ടുത്തി. ന്യൂസ് 18 ന്‍റെ ക്യാമറ തല്ലിത്തകർത്തു. സിഎൻഎൻ ന്യൂസ് 18 റിപ്പോർട്ടർ രാധിക രാമസ്വാമിയെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചു. രാധികയെ വാഹനത്തിൽ നിന്ന് വലിച്ചിറക്കിയ പ്രതിഷേധക്കാർ വാഹനം അടിച്ചു തകർക്കുകയായിരുന്നു.

 

error: Content is protected !!