പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

പഞ്ചായത്ത് മേഖലയിലെ പൊതുനിരത്തുകളില്‍ അനധികൃതമായും അപകടകരമായും സ്ഥാപിച്ചിട്ടുളള പരസ്യബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
പരസ്യബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യാന്‍ വ്യാപകമായ അറിയിപ്പുകള്‍ ഗ്രാമപഞ്ചായത്തുകള്‍ നല്‍കണം. അറിയിപ്പ് നല്‍കി മൂന്ന് ദിവസത്തിനകം നീക്കം ചെയ്യാത്തവ കണ്ടെത്തി ഏഴു ദിവസത്തിനുളളില്‍ നീക്കം ചെയ്യാന്‍ നോട്ടീസ് നല്‍കണം. പഞ്ചായത്ത് മാറ്റുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ചെലവ് ഈടാക്കണം. ഇവ നീക്കം ചെയ്തതു സംബന്ധിച്ച ജില്ലാതല റിപ്പോര്‍ട്ട് പഞ്ചായത്ത് ഡെപ്യൂട്ടിഡയറക്ടര്‍മാര്‍ 26നകം പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം.
പുതിയതായി ലഭിക്കുന്ന അപേക്ഷകളില്‍ ഒരു സാമ്പത്തിക വര്‍ഷത്തേക്കാണ് അനുമതി നല്‍കേണ്ടത്. പരസ്യബോര്‍ഡുകളും ബാനറുകളും ഹോര്‍ഡിംഗുകളും പൊതുനിരത്തുകളില്‍ സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്തവും നഷ്ടപരിഹാരവും ഏറ്റെടുക്കാമെന്ന് കരാര്‍ വെച്ചശേഷം മാത്രമേ അനുമതി നല്‍കാവൂ. പരസ്യബോര്‍ഡുകള്‍ക്കും ഹോര്‍ഡിംഗുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്തണം.
നിരത്തിന്റെ വശങ്ങളിലും മറ്റു പൊതുസ്ഥലങ്ങളിലും നില്‍ക്കുന്ന വൃക്ഷങ്ങളില്‍ ആണി ഉപയോഗിച്ചോ മറ്റു രീതികളിലോ പരസ്യം പ്രദര്‍ശിപ്പിക്കരുത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. നിയമാനുസൃത അനുമതിയില്ലാതെയും ട്രാഫിക് തടസം ഉണ്ടാക്കുന്ന രീതിയിലും വെച്ചിട്ടുളള പരസ്യബോര്‍ഡുകള്‍ ഉടന്‍ നീക്കണം. അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കരുത്. പ്ലാസ്റ്റിക് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണം പാലിക്കണം.