നടപടിയില്ല; പി കെ ശശി സിപിഎമ്മില്‍ വീണ്ടും സജീവമാകുന്നു

ലൈംഗിക ആരോപണ വിധേയനായ ഷോര്‍ണ്ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ പാര്‍ട്ടി നടപടി നിസാരമായിരിക്കുമെന്ന് സൂചന. പികെ ശശി വീണ്ടും പാര്‍ട്ടി പരിപാടികളില്‍ സജീവമാകുകയാണ്. ഷോര്‍ണ്ണൂര്‍ മണ്ഡലത്തിലെ സിപിഎമ്മിന്‍റെ കാല്‍നട പ്രചരണ ജാഥയുടെ ക്യാപ്റ്റനായി ശശിയെ പാര്‍ട്ടി നിയോഗിച്ചു.

ഇതിന് ഒപ്പം തന്നെ ഒക്ടോബര്‍ 26ന്  തച്ചമ്പറയില്‍ ശശിക്കെതിരെ അന്വേഷണം നടത്തിയ പാര്‍ട്ടി സമിതിയുടെ അധ്യക്ഷന്‍ എകെ ബാലന്‍ ഉദ്ഘാടനം ചെയ്യുന്ന പൊതുയോഗത്തിലും പ്രധാന പ്രാസംഗികന്‍ ശശിയാണ്. ഇതോടെയാണ് പാര്‍ട്ടി ശശിക്കെതിരെ കര്‍ശന നടപടി എടുക്കില്ലെന്ന ധാരണ പാര്‍ട്ടി വൃത്തങ്ങളില്‍ തന്നെ ശക്തമായത്.

ഇതേ സമയം ശശിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് സിപിഎം സംസ്ഥാന നേതൃത്വം ഇതുവരെ പരിഗണിച്ചിട്ടില്ല. പികെ ശശിക്കെതിരായ പരാതിയില്‍ റിപ്പോർട്ട് പാർട്ടി തീരുമാനിച്ച സമയത്ത് നൽകുമെന്നാണ് അന്വേഷണ കമ്മീഷന്‍ അംഗം മന്ത്രി എകെ ബാലന്‍ പറയുന്നത്. പാർട്ടിയോടുള്ള വിശ്വാസം കൊണ്ടാന്ന് പെൺകുട്ടി പരാതി നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി അന്വേഷിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവാണ് പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നത്. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് പികെ ശശി രംഗത്ത് വരികയായിരുന്നു.  തനിക്കെതിരെ അങ്ങനെയൊരു പരാതി പാര്‍ട്ടിക്ക് കിട്ടിയ കാര്യം അറിയില്ലെന്നായിരുന്നു അന്ന് പികെ ശശി പറഞ്ഞത്.

പിന്നീട് സിപിഎം തീരുമാന പ്രകാരം പാര്‍ട്ടിതല അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന നിലപാടായിരുന്നു പരാതിക്കാരിയായ ഡിവൈഎഫ്ഐ പ്രവര്‍ത്തക ഇതുവരെ സ്വീകരിച്ചത്. മന്ത്രി എകെ ബാലനും പികെ ശ്രീമതിയും അടങ്ങുന്ന കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും നടപടിക്ക് ശുപാര്‍ശയുള്ളതുമായാണ് വിവരം. അതേ സമയം തന്നെ പി.കെ ശശി ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ പാർട്ടി നടപടി വൈകുന്നതിൽ അമർഷത്തിലാണ് പാലക്കാട്ടെ ഒരു വിഭാഗം സിപിഎം -ഡിവൈഎഫ്ഐ നേതാക്കൾ.

പീഡന പരാതി അന്വേഷിക്കുന്നതിനേക്കാൾ, ഗൂഢാലോച നടന്നെന്ന ആരോപണത്തിനാണ് കമ്മീഷൻ മുൻതൂക്കം നൽകുന്നതെന്നാണ് ഇവരുടെ ആരോപണം. നടപടിയുണ്ടായില്ലെങ്കില്‍ ശശിക്കെതിരെ  നിയമപരമായി  നീങ്ങാനാണ് പരാതിക്കാരിയുടെും ഒരു വിഭാഗം ഡിവൈഎഫ്ഐ നേതാക്കളുടെയും നീക്കം

error: Content is protected !!