ശബരിമലയെ മറ്റൊരു കണ്ണൂരാക്കാനാണ് സി.പി.എം പദ്ധതി: പി.കെ.കൃഷ്ണദാസ്

കണ്ണൂര്‍: ശബരിമലയിലേക്ക് സ്പെഷൽ പോലീസ് ഓഫീസർമാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ഇറക്കിയ ഉത്തരവിനെതിരെ ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്. സി.പി.എമ്മുകാർക്ക് ശബരിമല താവളമാക്കാനുള്ള ഗൂഢാലോചനയാണിതെന്ന് കൃഷ്ണദാസ് ആരോപിക്കുന്നു. ശബരിമലയെ മറ്റൊരു കണ്ണൂരാക്കി ചോരപ്പുഴയൊഴുക്കാനാണ് സി.പി.എം പദ്ധതി. 645 രൂപ പ്രതിദിന വേതനാടിസ്ഥാനത്താൽ വിവിധ ജില്ലകളിലെ സഖാക്കളെ ശബരിമലയിലേക്ക് ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് നീക്കം.വിമുക്ത ഭടൻമാരും എൻ.സി.സി സേവനത്തിലുണ്ടായിരുന്നവരും മാത്രമല്ല അതത് ജില്ലകളിൽ എസ്.പിക്ക് ബോധ്യമുള്ളവരെയും സ്യൂട്ടിക്കായി ഉൾപ്പെടുത്താമെന്നാണ് ഉത്തരവിലുള്ളത്. സി.പി.എം ലോക്കൽ കമ്മിറ്റികൾ നൽകുന്ന പട്ടികയാവും എസ്.പിമാർ അംഗീകരിക്കുക എന്നും കൃഷ്ണദാസ് പറഞ്ഞു.

മണ്ഡല-മകരവിളക്ക് ഉൽസവകാലത്ത് ശബരിമലയിൽ വിശ്വാസികളുടെ പ്രതിഷേധത്തെ അടിച്ചമർത്താമെന്നാണ് പോലീസ് ധരിച്ചിട്ടുള്ളത്. പമ്പയിലും സന്നിധാനത്തുമെല്ലാം സി.പി.എം വിധേയത്വമുള്ള ഓഫീസർമാരെ നിയോഗിക്കാനും നീക്കം നടക്കുന്നുണ്ട്. ഇതു കൊണ്ടൊന്നും വിശ്വാസികളുടെ പ്രതിഷേധം ഇല്ലാതാക്കാനാവില്ല.അവർക്കൊപ്പം ആർ.എസ്.എസും ബി.ജെ.പിയും ഉറച്ചു നിൽക്കും. പ്രവർത്തകരായ വിശ്വാസികളെ പ്രതിഷേധത്തിന്റെ പേരിൽ സംസ്ഥാനം മുഴുവൻ വേട്ടയാടുന്ന പോലീസ് നടപടിയിലൂടെ ബി.ജെ.പിയെ പേടിപ്പിക്കാമെന്നാണ് സർക്കാർ വിശ്വസിക്കുന്നത്. എന്നാൽ അടിയന്തരാവസ്ഥയെ അതിജീവിച്ച പ്രസ്ഥാനമാണ് തങ്ങളുടേതെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.

error: Content is protected !!