ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ സംഘപരിവാർ ശ്രമം: മുഖ്യമന്ത്രി

ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ സംഘപരിവാർ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല നട തുറക്കുന്നതിനു മുൻപുതന്നെ കലാപ ഭൂമിയാക്കാനുള്ള ശ്രമമാണു സംഘപരിവാർ നടത്തിയത്. അതിന് അവർ ഗൂഢപദ്ധതി തയാറാക്കി. ശബരിമലയുടെ കാര്യത്തിൽ സർക്കാരോ പൊലീസോ വിശ്വാസിയെ തടയുന്നതിനോ എതിർക്കുന്നതിനോ തയാറായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പിലാക്കാന്‍ സര്‍ക്കാറിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. കോടതി വിധി നടപ്പാക്കുമ്പോള്‍ തന്നെ വിശ്വാസികളുടെ വിശ്വാസത്തെ മാനിക്കും. ശബരിമല ഒരു ആരാധനാ സ്ഥലമാണ്. ആരാധനയ്ക്കാവശ്യമായ ശാന്തിയും സമാധാനവുമാണ് അവിടെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിഷേധത്തിന്‍റെ പേരില്‍ പന്തല് കെട്ടി സമരം ചെയ്യാന്‍ തയ്യാറായപ്പോഴും  സര്‍ക്കാര്‍ എതിര് നിന്നില്ല. എന്നാല്‍  ആ സമരം മറ്റൊരു രീതിയിലേക്ക് വഴിമാറുകയും ഭക്തജനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്ന നിലയുണ്ടായപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടത്. യുവതികള്‍ക്കും ഭക്തര്‍ക്കും നേരെ മാത്രമല്ല, മാധ്യമ പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണമുണ്ടായി.

കേരളത്തിന്‍റെ ചരിത്രതില്‍ ഇതുവരെയില്ലാത്ത ഒരു പുതിയ രീതി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചു. തങ്ങള്‍ പറയുന്നതുപോലെ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ ആക്രമിക്കുമെന്ന് പരസ്യമായി നിലപാടെടുത്തു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സംഘ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയവര്‍ക്ക് നേരെ ആക്രമണമുണ്ടായി. വലിയ തോതില്‍ മാനസിക പീഡനവും വനിതകള്‍ക്ക് ഏറ്റുവാങ്ങേണ്ടി വന്നു.

ശബരിമല സന്ദര്‍ശിക്കാനെത്തിയ യുവതികള്‍ക്ക് അവിടെ വച്ചും, അതേസമയം തന്നെ അവരുടെ വീടുകള്‍ക്ക് നേരെ ആക്രമണം നടക്കുകയുണ്ടായി. ഇതൊക്കെ സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ആക്രമണം നടത്താനുള്ള പദ്ധതി നേരത്തെ തയ്യാറാക്കിയിരുന്നതായണ് വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

error: Content is protected !!