സാങ്കേതിക തടസം; ലക്ഷദ്വീപിലേക്ക് പോയ കപ്പലില്‍ കയറാനാകാതെ നിരവധി പേര്‍ ദുരിതത്തില്‍

ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പോയ കപ്പലില്‍ സാങ്കേതിക തടസ്സം കാരണം കയറാന്‍ പറ്റാതിരുന്ന 50ഓളം ആളുകള്‍ ദുരിതത്തിലായി.ആശുപത്രി ആവശ്യത്തിന് വേണ്ടി കോഴിക്കോട് എത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് കുടുങ്ങിയത്. പേരിലെയും അഡ്രസിലെയും അക്ഷരതെറ്റുകള്‍ കാരണമാണ് ഇവരെ കപ്പലില്‍ കയറ്റാതിരുന്നത്. ഇനി നവംബര്‍ രണ്ടിനേ ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്ക് കപ്പലുള്ളൂ.

ഇന്നലെ കപ്പലില്‍ കയറി നാളെ വീട്ടിലെത്താമെന്ന് വിചാരിച്ചാണ് ഇവരെല്ലാം ബേപ്പൂര്‍ പോര്‍ട്ടിലെത്തിയത്. ഉച്ചക്ക് 12.30ന് വന്ന കൈക്കുഞ്ഞുങ്ങളടക്കമുള്ള എല്ലാവരേയും മൂന്ന് മണി വരെ പോര്‍ട്ടില്‍ നിര്‍ത്തി.അവസാനമാണ് ടിക്കറ്റ് ബുക്ക് ചെയ്ത സമയത്ത് നല്‍കിയ പേരിലെയും തിരിച്ചറിയല്‍ കാര്‍ഡിലെ പേരിലേയും അക്ഷരതെറ്റുകള്‍ ചൂണ്ടിക്കാട്ടി കപ്പലില്‍ കയറ്റാതിരുന്നത്.

മുന്‍കൂട്ടി ബുക്ക് ചെയ്ത 20-ഓളം ആളുകള്‍ യാത്ര ചെയ്യാന്‍ ഇന്നലെ എത്തിയിരുന്നില്ല.ആ ഒഴിവില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വെയിറ്റിംഗ് ലിസ്റ്റിലുള്ളവര്‍ പോര്‍ട്ടിലെത്തിയെങ്കിലും അവര്‍ക്കും യാത്രാ അനുമതി നല്‍കിയില്ല. ഇനി രണ്ടാം തിയതിയേ ലക്ഷദ്വീപിലേക്ക് കപ്പലുള്ളൂ.അതിലും ടിക്കറ്റ് ബാക്കിയില്ല. കൊച്ചിയില്‍ നിന്ന് കപ്പല്‍ പോകുന്നുണ്ടങ്കിലും ടിക്കറ്റ് ഇല്ലാത്ത അവസ്ഥയുണ്ട്.രണ്ടാം തിയതി വരെ നില്‍ക്കാനുളള പണം കയ്യിലില്ലെന്ന ബുദ്ധിമുട്ടിലാണ് പലരും.

error: Content is protected !!