എഎംഎംഎയ്ക്ക് കൃത്യസമയത്ത് മറുപടി നല്‍കും: പാര്‍വ്വതി

താരസംഘടനയായ എഎംഎംഎയ്ക്ക് കൃത്യസമയത്ത് മറുപടി നല്‍കുമെന്ന് ഡബ്ല്യുസിസി അംഗമായ നടി പാര്‍വ്വതി. ജഗദീഷ് പറഞ്ഞതാണോ സിദ്ദിഖ് പറഞ്ഞതാണോ ‘എഎംഎംഎ’യുടെ നിലപാട് എന്ന് സംഘടന തന്നെ വ്യക്തമാക്കണമെന്നും പാര്‍വ്വതി പറഞ്ഞു. ഡബ്ല്യുസിസിക്ക് മറുപടി നല്‍കിയ പത്രക്കുറിപ്പ് സംബന്ധിച്ച് സിദ്ദിഖിന്റെ വാദം ജഗദീഷ് തള്ളിയതിനു പിന്നാലെയാണ് പാര്‍വ്വതിയുടെ വിമര്‍ശനം.

ജഗദീഷ് എഎംഎംഎയുടെ ഖജാൻജി മാത്രമാണ്. അദ്ദേഹം സംഘടനയുടെ വക്താവല്ല. എഎംഎംഎയുടെ നിലപാട് താൻ പറഞ്ഞതാണെന്നും മോഹൻലാലിനോടും ഇടവേള ബാബുവിനോടുമെല്ലാം ആലോചിച്ചാണ് ഇപ്പോഴത്തെ വാര്‍ത്താ സമ്മേളനമെന്നായിരുന്നു സിദ്ദിഖിന്‍റെ പരാമര്‍ശം. ജഗദീഷിന്‍റെ വാർത്താ കുറിപ്പ് കണ്ടിട്ടില്ല. അതിൽ എന്താണ് അതിൽ പറഞ്ഞതെന്ന് അറിയില്ല. താൻ നടത്തിയത് എഎംഎംഎയുടെ ഔദ്യോഗിക വാർത്താസമ്മേളനം ആണെന്നും സിദ്ദിഖ് കൊച്ചിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍, എഎംഎംഎ പ്രസിഡണ്ട്‌ മോഹൻലാലിനോട് ചർച്ച ചെയ്താണ് വാർത്ത കുറിപ്പ് ഇറക്കിയതെന്നും സിദ്ദിഖ് അടക്കമുള്ള ഭാരവാഹികൾക്കും ഇത് അയച്ചു കൊടുത്തിരുന്നുവെന്നുമായിരുന്നു ജഗദീഷിന്‍റെ മറുപടി. താൻ അമ്മ വക്താവ് തന്നെ എന്ന് ജഗദീഷ് വ്യക്തമാക്കി. അച്ചടക്കം ഉള്ള അംഗം എന്ന നിലയിൽ സിദ്ദിഖിന് വ്യക്തിപരമായ മറുപടി നൽകുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കി.

error: Content is protected !!