‘ഭക്തരുടെ’ കയ്യേറ്റ ശ്രമം, തെറിയഭിഷേകം; ന്യൂ‍യോർക്ക് ടൈംസ് വനിതാ റിപ്പോർട്ടർക്ക് സന്നിധാനത്ത് എത്താനായില്ല

പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് നീങ്ങിയ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ മലഇറങ്ങി. മരക്കൂട്ടത്ത് വന്‍പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് സുഹാസിനി മലയിറങ്ങാന്‍ തയ്യാറായത്. ഇവരോടൊപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ കാള്‍ ഷ്വാസുമായി സംസാരിച്ച ശേഷമാണ് ഇവര്‍ തിരിച്ചിറങ്ങാന്‍ തയ്യാറായത്.

പ്രതിഷേധക്കാർ മരക്കൂട്ടത്തിന് തൊട്ടുതാഴെ വച്ച് സുഹാസിനിയെ തടയുകയായിരുന്നു. തുടർന്ന് പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. ആയിരത്തോളം പേർ സൂഹാസിനിയെ കൂട്ടം കൂടി അസഭ്യവർഷവുമായി പൊതിഞ്ഞു. ആൾക്കൂട്ടം അവരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ശരണം വിളിക്കൊപ്പം തെറിയഭിഷേകം കൂടിയായതോടെ ഇവര്‍ പിന്‍വാങ്ങാന്‍ തയ്യാറാവുകയായിരുന്നു.

പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ പ്രതിരോധം ഒരുക്കിയ പൊലീസ്, എത്ര ദൂരം മുന്നോട്ട് പോയാലും സംരക്ഷണം ഒരുക്കാമെന്ന്  അറിയിച്ചെങ്കിലും ഇങ്ങനെ യാത്ര തുടരണ്ട എന്ന് സുഹാസിനി അറിയിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിക്ക് പമ്പയിലെത്തിയ സുഹാസിനി രാജിനെ ആദ്യം പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് അവരെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു.

അമ്പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണത്തിലാണ് അവര്‍ ഇപ്പോള്‍ പമ്പയില്‍ നിന്ന് കാനനപാതയിലൂടെ സന്നിധാനത്തേക്ക് പോയിരുന്നത്. പൊലീസ് സംരക്ഷണയോടെയാണ് ഇവര്‍ തിരിച്ചിറങ്ങുന്നതും. നിരോധനാജ്ഞ നിലനില്‍ക്കേ ആള്‍ക്കൂട്ടം പോലീസിനെ തടഞ്ഞ് മാധ്യമപ്രവര്‍ത്തകയുടെ ജോലി തടസപ്പെടുത്തുകയായിരുന്നു. തനിക്ക് ജോലി ചെയ്യാന്‍ സംരക്ഷണം നല്‍കണമെന്ന് ഇവര്‍ പൊലീസിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ന്യൂയോര്‍ക്ക് ടൈംസിന്‍റെ ദില്ലി ബ്യൂറോ റിപ്പോര്‍ട്ടറാണ് സുഹാസിനി രാജ്. ലക്നൗ സ്വദേശിനിയായ ഇവര്‍ക്ക് അമ്പതില്‍ താഴേ മാത്രമാണ് വയസെന്നാണ് ആദ്യ റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക് ടൈംസിന്‍റെ ഇന്ത്യ റിപ്പോര്‍ട്ടറായ ഇവര്‍ നേരത്തെ കോബ്രാ പോസ്റ്റില്‍ ജോലി ചെയ്തിരുന്നു. 2005 ല്‍ ആജ് തക്കില്‍ സംപ്രേഷണം ചെയ്ത ഓപ്പറേഷന്‍ ദുരിയോധന സുഹാസിനി രാജിന്‍റെ പ്രധാനപ്പെട്ട റിപ്പോര്‍ട്ടുകളിലൊന്നാണ്.  നിലവിൽ ദൽഹിയിലെ ന്യൂയോർക്ക് ടൈംസിന്റെ തെക്കേ ഏഷ്യാ ബ്യൂറോയിൽ പ്രവർത്തിക്കുന്നു. വിദേശിയായ ഒരു സഹപ്രവര്‍ത്തകന്‍ കാള്‍ ഷ്വാസും ഇവര്‍ക്കൊപ്പമുണ്ട്. ഇദ്ദേഹവും ദില്ലി ബ്യൂറോയിലാണ് ജോലി ചെയ്യുന്നത്.

error: Content is protected !!