എൻ.ഡി.എ യോഗത്തിൽ തർക്കം: സ്ഥാനങ്ങൾ നൽകില്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഘടകകക്ഷികള്‍

ശബരിമല പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന എൻ.ഡി.എ യോഗത്തിൽ സ്ഥാനമാനങ്ങൾ ലഭിക്കാത്തതിനെ ചൊല്ലി ഘടകകക്ഷികൾ തർക്കമുന്നയിച്ചു. പ്രശ്നം രൂക്ഷമായിട്ടും എൻ.ഡി.എ യോഗം ചേരാതിരുന്നതും യോഗത്തിൽ ചര്‍ച്ചയായി. എൻ.ഡി.എയുടെ ജില്ലാ കൺവീനർ സ്ഥാനം ഘടകകക്ഷികൾക്ക് നൽകുന്ന കാര്യത്തിലും സമവായത്തിലെത്താനായില്ല.

കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ വന്ന കാലം മുതൽ തുടങ്ങിയ തർക്കമാണ് ഇപ്പോഴും എൻ.ഡി.എയിൽ തുടരുന്നത്. പതിവ് പോലെ ഉത്തരവാദിത്വം കേന്ദ്ര നേതൃത്വത്തിനാണെന്ന വാദം ഇന്നലെ ചേർന്ന യോഗത്തിൽ ഘടകക്ഷികൾ അംഗീകരിച്ചില്ല. തന്റെ പാർട്ടിക്ക് വാഗ്ദാനം നൽകി ബയോഡേറ്റ വാങ്ങിയിട്ടും സ്ഥാനം നൽകിയില്ലെന്ന് യോഗത്തിൽ എത്തിയില്ലെങ്കിലും പി.സി തോമസ് യോഗത്തിന് കത്ത് നൽകി.

സ്ഥാനം നൽകിയില്ലെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും കേരള കോൺഗ്രസ് പ്രതിനിധി യോഗത്തിൽ പറഞ്ഞു. റബർ ബോർഡോ, സമുദ്രോൽപന്ന കയറ്റുമതി കോർപറേഷനോ നൽകണമെന്നാണ് കേരള കോൺഗ്രസ് പി.സി തോമസ് വിഭാഗത്തിന്റെ ആവശ്യം. ജെ.എസ്.എസും തങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ചില്ലെന്ന് പരാതിപ്പെട്ടു. വാഗ്ദാന ലംഘനമാണ് സി.കെ ജാനു മുന്നണി വിടുന്നതിന് കാരണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

ഈ മാസം 28 നകം എൻ.ഡി.എ ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. എല്ലാ ജില്ലകളിലെയും ചെയർമാൻ സ്ഥാനം ബി.ജെ.പിക്ക് നൽകിയെങ്കിലും കൺവീനർ സ്ഥാനം സംബന്ധിച്ച് തർക്കം നിലനിൽക്കുകയാണ്. യോഗത്തിൽ ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പങ്കെടുത്തില്ല. കേരളത്തിന് പുറത്തുള്ള അദ്ദേഹത്തിന് വിമാനം ലഭിച്ചില്ലെന്നാണ് യോഗത്തെ അറിയിച്ചിരുന്നത്. ശബരിമല വിഷയം അടുത്ത മാസം ഒന്നു മുതൽ പത്ത് വരെ ജില്ലാ മണ്ഡല തലങ്ങളിൽ പ്രചാരണം നടത്താനും യോഗം തീരുമാനിച്ചു.

error: Content is protected !!