കരിപ്പൂർ ഹജ്ജ് ഹൗസിൽ വനിതകൾക്കായി പുതിയ കെട്ടിടം

അടുത്ത വർഷത്തെ ഹജ്ജിന് മുന്നോടിയായി കരിപ്പൂർ ഹജ്ജ് ഹൗസിൽ വനിതകൾക്കായി പുതിയ കെട്ടിടം നിർമ്മിക്കാൻ ഹജ്ജ് കമ്മിറ്റി തീരുമാനം. 500 വനിത തീര്‍ഥാടകര്‍ക്കായുള്ള സൌകര്യം പുതിയ കെട്ടിടത്തില്‍ ഉണ്ടാകും.

2019 ലെ ഹജ്ജിന് മുന്നോടിയായി കരിപ്പൂർ ഹജ്ജ് ഹൗസിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് ഹജ്ജ് കമ്മിറ്റി യേഗം തീരുമാനിച്ചത് . ഇതിന്റെ ഭാഗമായി വനിതകൾക്കായി പ്രത്യേക കെട്ടിടം നിർമ്മിക്കും . 500 പേർക്കുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. 7 കോടി, 20 കോടി എന്നിങ്ങനെ രണ്ട് എസ്റ്റിമേറ്റുകളുടെ പദ്ധതി നിലവിലുണ്ട്. ഹജ്ജ് വകുപ്പ് മന്ത്രി കെ.ടി. ജലീലുമായി ചർച്ച നടത്തിയതിന് ശേഷം ഏത് വേണമെന്നത് തീരുമാനിക്കും. നിലവിൽ ഹജ്ജ് കമ്മിറ്റിയുടെ കൈവശം ആറ് കോടിയോളം രൂപയുണ്ട്. സർക്കാർ അനുമതി നൽകിയാൽ നിലവിലുളള ഫണ്ട് ഉപയോഗിച്ച് അടുത്ത ഹജ്ജിന് മുന്നോടിയായി ഹജ്ജ് ഹൗസിന് സമീപത്തായി കെട്ടിടം നിർമ്മിക്കും.

ഈ വർഷത്തെ ഹജ്ജിന് നെടുമ്പാശ്ശേരിക്കു പുറമെ കരിപ്പൂരും എംബാർക്കേഷൻ പോയൻറായി പരിഗണനയിലുളളതിനാലാണ് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നത് .ഇതുമായി ബന്ധപ്പെട്ട് എയർപോർട്ട് ഡയറക്ടർ കെ. ശ്രീനിവാസ റാവുമായി ഹജ്ജ് കമ്മിറ്റി അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. ഹജ്ജ് വിമാന സർവീസിനെയായി ആദ്യം പരുഗണിക്കുന്നതും കരിപ്പൂരിനെയായിരിക്കും . ഇന്ത്യയിലെ എല്ലാ ഹജ്ജ് ട്രെയിനർമാർക്കും കേരളമാതൃകയിൽ പരിശീലനം നൽകുന്നതിന് കേന്ദ്രം തുടങ്ങുന്നതും യോഗത്തിൽ ചർച്ചയായി. അഖിലേന്ത്യ ഹജ്ജ് ട്രെയിനിങ് സെൻററാണ് പരിഗണനയിലുളളത്. കൂടാതെ, അടുത്ത വർഷത്തെ അഖിലേന്ത്യ ഹജ്ജ് കോൺഫറൻസും കേരളത്തിൽ നടക്കും. ഹജ്ജ് ഹൗസിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനായി വിശദമായ റിപ്പോർട്ട് തയ്യാറാക്കും. ഹജ്ജ്ഹൗസിനോട് അനുബന്ധിച്ച് ലൈബ്രറി, മ്യൂസിയം എന്നിവക്കും പദ്ധതിയുണ്ട്.

error: Content is protected !!