മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനയ്ക്ക് കേസ് എടുക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചനയ്ക്ക് കേസ് എടുക്കണമെന്ന്  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. എന്ത് വില കൊടുത്തും ഒരു യുവതിയെ എങ്കിലും സന്നിധാനത്ത് കയറ്റണമെന്ന് മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയിരുന്നതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിക്കുന്നു. പമ്പയിലും നിലയ്ക്കലും അക്രമം നടത്തിയവരിൽ കോൺഗ്രസുകാരുണ്ടെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശബരിമലയിലെ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടിയ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് പൊലീസ്. കൂടുതല്‍ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാപ്പള്ളി, തുലാപ്പള്ളി, ളാഹ എന്നീ സ്ഥലങ്ങളിലേക്ക് കൂടിയാണ് നിരോധനാജ്ഞ വ്യാപിപ്പിച്ചത്.  പൊലീസിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പമ്പ, സന്നിധാനം, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലെ നിരോധനാജ്ഞ മൂന്ന് ദിവസം കൂടി നീട്ടി.

ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് പൊലീസിന്‍റെ നീക്കം. എന്നാല്‍ ശബരിമല തീര്‍ത്ഥാടകരെ ഈ നിരോധനാജ്ഞ ബാധിച്ചിട്ടില്ല. മറിച്ച് പ്രതിഷേധത്തിനെത്തുന്നവരെയാണ് പൊലീസ് പ്രധാനമായും നിരീക്ഷിക്കുന്നത്. ഏതാണ്ട് 1200 ഏറെ പൊലീസുകാര്‍ പമ്പയിലും നിലയ്ക്കലുമായി നിലയിറപ്പിച്ചിട്ടുണ്ട്. വനിതാ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.

error: Content is protected !!