ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് ആര്‍എസ്എസ്

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി ആര്‍.എസ്.എസ്. ശബരിമലയില്‍ സ്ത്രീകളോട് വിവേചനം കാണിക്കുന്നില്ല. ആചാരങ്ങള്‍ മാറ്റുന്നതിന് മുമ്പ് വിശ്വാസികളോട് സമ്മതം ചോദിക്കണമായിരുന്നു എന്നും ആര്‍.എസ്.എസ് സര്‍സംഘചാര്‍ മോഹന്‍ ഭഗവത് പറഞ്ഞു. വിജയദശമി ദിനത്തിന്‍റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ആർഎസ്എസ് മേധാവി നിലപാട് മാറ്റം വ്യക്തമാക്കിയത്.

സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കുന്നത് സമവായത്തിലൂടെയാകണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഉള്‍പ്പടെയുള്ള വിശ്വാസികളുടെ വികാരം പരിഗണിച്ചല്ല സുപ്രീംകോടതി വിധി.  മതനേതാക്കളെയും പുരോഹിതരെയും വിശ്വാസത്തില്‍ എടുക്കണമായിരുന്നു. ശബരിമലയുമായി ബന്ധമില്ലാത്തവരുടെ പരാതിയിലാണ് വിധി ഉണ്ടായത്. വിധ സമൂഹത്തില്‍ അശാന്തിയും അതൃപ്തിയും ഭിന്നതയും ഉണ്ടാക്കിയെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

2016ൽ ആർഎസ്എസ് പ്രഖ്യാപിച്ച നിലപാട് പുരുഷൻമാർക്ക് പ്രവേശനമുള്ളിടത്തെല്ലാം സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണം എന്നായിരുന്നു. സെപ്റ്റംബർ 18ന് സുപ്രീംകോടതിയുടെ ചരിത്രവിധി വന്ന ദിവസം ആർഎസ്എസ് വിധിയെ സ്വാഗതം ചെയ്തിരുന്നു. തുല്യതയുടെ ഒരു ഉദാഹരണം എന്നായിരുന്നു ആർഎസ്എസ് അന്ന് വിധിന്യായത്തെ വിശേഷിപ്പിച്ചത്. അതേസമയം, അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമം കൊണ്ടുവരണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.

error: Content is protected !!