മീ ടൂ: മാനനഷ്ടക്കേസില്‍ എം.ജെ അക്ബര്‍ മൊഴി നല്‍കി

തന്നെ വ്യക്തിപരമായി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് പത്രപ്രവര്‍ത്തക  പ്രിയ രമാണി അടിസ്ഥാനരഹിതമായ ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് മുന്‍വിദേശകാര്യമന്ത്രി എം.ജെ അക്ബര്‍. മാനനഷ്ടക്കേസില്‍ പട്യാല കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കുകയായിരുന്നു അദ്ദേഹം. കേസ് ഇനി അടുത്ത മാസം 12 ന് പരിഗണിക്കും.

ഒരു സംഘം അഭിഭാഷകര്‍ക്കൊപ്പം പന്ത്രണ്ട് മണിയോടെയാണ് എം.ജെ അക്ബര്‍ കോടതിയിലെത്തിയത്. വര്‍ഷങ്ങളോളം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച മാധ്യമപ്രവര്‍ത്തകരുടെ മുഖത്ത് നോക്കാതെ അക്ഷോഭ്യനായി കോടതി മുറിയിലേക്ക് നടന്നു. സന്ദര്‍ശകരുടെ കസേരയിലിരുന്ന എം.ജെ അക്ബറിനോട് കോടതി നടപടികള്‍ തുടങ്ങിയ ഉടന്‍ സാക്ഷികൂട്ടില്‍ കയറി നില്‍ക്കാന്‍ അഡീ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര്‍ വിശാല്‍ ആവശ്യപ്പെട്ടു.

മാനനഷ്ടക്കേസില്‍ അക്ബറിന് വേണ്ടി ഹാജരായത് സീനിയര്‍ അഭിഭാഷക ഗീതയാണ്. ഒരു മണിക്കൂര്‍ നീണ്ട മൊഴിയെടുക്കലില്‍ കോളേജ് വിദ്യാഭ്യാസകാലവും പത്രപ്രവര്‍ത്തന ജീവിതവും എം.ജെ അക്ബര്‍ വിശദീകരിച്ചു.
സംസാരിക്കുമ്പോള്‍ പലപ്പോഴും കണ്ഠമിടറിയ എം.ജെ അക്ബറിന്‍റെ വാക്കുകള്‍ മുഴുവനാക്കിയത് അഭിഭാഷകയായിരുന്നു. ക്ഷീണമുണ്ടെങ്കില്‍ കസേരയില്‍ ഇരിക്കാമെന്ന് മജിസ്ട്രേറ്റ് പറഞ്ഞെങ്കിലും കോടതിക്ക് മുന്നിലിരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മറുപടി.

error: Content is protected !!