25 വര്‍ഷം മുന്‍പ് ഞാനും പീഡിപ്പിക്കപ്പെട്ടു: വെളിപ്പെടുത്തലുമായി സെയ്ഫ് അലി ഖാന്‍

മീ ടൂ കാമ്പെയ്ന്‍ ശ്രദ്ധ നേടുമ്പോള്‍ തങ്ങള്‍ക്കുനേരിട്ട ലൈംഗിക അതിക്രമം വെളിപ്പെടുത്തി സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും രംഗത്ത്. ബോളിവുഡില്‍ നിലയുറപ്പിക്കാന്‍ ശ്രമിക്കുന്ന കാലത്ത് താനും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. എന്നാല്‍ അത് ലൈംഗിക പീഡനമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘കരിയറില്‍ ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ലൈംഗികമായിട്ടല്ല. 25 വര്‍ഷം മുമ്പ് ഞാന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അതിന്റെ ദേഷ്യം എന്റെ മനസിലുണ്ട്.’ അദ്ദേഹം വ്യക്തമാക്കി. മീ ടൂ മുന്നേറ്റത്തെ അഭിനന്ദിച്ച സെയ്ഫ് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെല്ലാം നല്ലതിനുവേണ്ടിയാണെന്നും പറഞ്ഞു. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ആളുകള്‍ അതിന് വിലനല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗിക ചൂഷണം നടത്തിയവര്‍ക്കൊപ്പം താനൊരിക്കലും പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ നമ്മളെല്ലാവര്‍ക്കും ഒരേ മനോഭാവം വേണം. ഞാനവര്‍ക്കൊപ്പം ജോലി ചെയ്യില്ല. ഈ ആളുകളൊക്കെ എങ്ങനെയാണ് പെരുമാറുന്നതെന്ന് നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. ശരിയായ പെരുമാറ്റമല്ലെങ്കില്‍ അത് അങ്ങേയറ്റം വെറുപ്പുസൃഷ്ടിക്കുന്നതാണ്.’ അദ്ദേഹം പറയുന്നു. നേരത്തെ ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍ തുടങ്ങിയ ബോളിവുഡിലെ മുന്‍നിര നായകന്മാരും ലൈംഗിക ചൂഷകര്‍ക്കൊപ്പം ജോലി ചെയ്യില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നിരുന്നു.