ക്രൈംബ്രാഞ്ച് പുനഃസംഘടിപ്പിക്കുന്നു

കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്.പി.മാര്‍ക്ക് ചുമതല നല്‍കി പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് സി.ഐ.ഡി എന്ന പേരിലുളള വിഭാഗം ഇനി ക്രൈംബ്രാഞ്ച് എന്നാണ് അറിയപ്പെടുക. സാമ്പത്തിക കുറ്റങ്ങള്‍, ആസൂത്രിത കുറ്റകൃത്യങ്ങള്‍, പരിക്കേല്‍പ്പിക്കലും കൊലപാതകങ്ങളും, ക്ഷേത്രക്കവർച്ച എന്നിങ്ങനെ കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഐജിമാര്‍ക്കും ഡിജിപിമാര്‍ക്കും എസ്പിമാര്‍ക്കും ചുമതല നല്‍കിയിട്ടുളളത്. ഇതോടൊപ്പം സൈബര്‍ ക്രൈം, ആന്‍റ് പൈറസി തുടങ്ങിയ വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നു. ഈ ഘടന കേസ് അന്വേഷണത്തിന് വലിയ പ്രയാസമുണ്ടാക്കുന്നു.

ഒരു ജില്ലാ കേന്ദ്രത്തിലുളള എസ്.പി. പല ജില്ലകളിലെ കേസുകളിലെയും ചുമതല വഹിക്കേണ്ടിവരുന്നു. സാമ്പത്തിക കുറ്റാന്വേഷണത്തിന് കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്.പി ഇപ്പോള്‍ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളുടെ ചുമതലകൂടി വഹിക്കുന്നു. ഈ രീതി ഇരകള്‍ക്കും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അത് കണക്കിലെടുത്താണ് റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്പിമാര്‍ക്ക് ചുമതല നല്‍കാന്‍ തീരുമാനിച്ചത്. കൊല്ലം എസ്പിക്ക് പത്തനംതിട്ട ജില്ലയുടെ കൂടി ചുമതലയുണ്ടാകും. കോഴിക്കോട് എസ്പിക്ക് വയനാടിന്‍റെയും കണ്ണൂര്‍ എസ്പിക്ക് കാസര്‍ഗോഡിന്‍റെയും ചുതമല നല്‍കും. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കുറ്റകൃത്യം ഏത് തരത്തിലുളളതായാലും ഇനി മുതല്‍ അതത് ജില്ലകളിലെ എസ്പിമാര്‍ക്കായിരിക്കും ചുമതല.

error: Content is protected !!