ശബരിമലയില്‍ ആസൂത്രിത കലാപ ശ്രമമെന്ന് കടകംപള്ളി സുരന്ദ്രേന്‍

ശബരിമല വിഷയത്തില്‍ ബിജെപി നടത്തുന്നത് കലാപ ശ്രമമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരന്ദ്രേന്‍. സംസ്ഥാനത്ത് അരാജകത്വത്തിനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഇരുമുടി കെട്ടുമായി ശബരിമലയില്‍ പ്രതിഷേധം നടത്താന്‍ വരാന്‍ ആഹ്വാനം ചെയ്യുന്ന വാട്ട്‌സ് ആപ്പിലെ ശബ്ദസന്ദേശം തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രി പുറത്തു വിട്ടു. തീര്‍ത്ഥാടക വേഷത്തില്‍ ശബരിമലയില്‍ എത്തണമെന്ന ശബ്ദസന്ദേശം ആര്‍എസ്എസ് നേതാവിന്റെയാണെന്ന് മന്ത്രി പറഞ്ഞു. എഎച്ച്പി ജില്ലാ ജനറൽ സെക്രട്ടറി ജിജിയാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരാളുടെ സന്ദേശമാണ് കേൾപ്പിച്ചത്. ഒരു ആര്‍എസ്എസ് നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്തുവിടാം എന്ന് പറഞ്ഞാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശബ്ദസന്ദേശം പുറത്ത് വിട്ടത്.

‘സ്വാമി ശരണം, നമസ്തേ, ഞാൻ എഎച്ച്പി ജില്ലാ ജനറൽ സെക്രട്ടറി ജിജിയാണ് സംസാരിയ്ക്കുന്നത്. ഇപ്പോൾ അത്യാവശ്യമായി ഈ വോയ്‍സ് മെസ്സേജ് ഇടുന്നത്, ഏതെങ്കിലും അയ്യപ്പഭക്തർ നിലയ്ക്കലേയ്ക്ക് പോകാൻ തയ്യാറായി നിൽക്കുകയാണെങ്കിൽ അവിടെ 144 പ്രഖ്യാപിച്ചിരിക്കുന്നത് കൊണ്ട്, കൂട്ടം കൂട്ടമായി പോയാൽ അറസ്റ്റ് ചെയ്യുകയും ഇരുമുടിയില്ലാതെ ആളെ കയറ്റിവിടാത്ത അവസ്ഥയുണ്ട്. തൽക്കാലം പോകാൻ നിൽക്കുന്ന ഭക്തർ കൈയിൽ ഇരുമുടിക്കെട്ട്…ഇരുമുടിക്കെട്ട് പോലെത്തന്നെ… ഇരുമുടിക്കെട്ടിൽ തേങ്ങയും മറ്റും നിറച്ചുകൊണ്ട് ഒറ്റയ്ക്കോ രണ്ട് പേരോ ആയി മാത്രം കറുപ്പുമുടുത്ത്, മാല.. ഒരു മാലയെങ്കിലും കഴുത്തിലിട്ട് നിലയ്ക്കലെത്തുക, നിലയ്ക്കലെത്തിയ ശേഷം 9400161516 എന്ന നമ്പറിലേയ്ക്ക് വിളിയ്ക്കുക, അപ്പഴേയ്ക്ക് നിങ്ങളെ കോൺടാക്ട് ചെയ്തുകൊണ്ട് മറ്റൊരു നമ്പർ തരും, ആ നമ്പറിൽ ബന്ധപ്പെടുമ്പോഴേയ്ക്ക് നിങ്ങൾക്ക് എല്ലാ സജ്ജീകരണവും നിലയ്ക്കൽ ഭാഗത്ത് നിന്നുണ്ടാകും. എത്രയും പെട്ടെന്ന് എത്താൻ കഴിയുന്ന എല്ലാ അയ്യപ്പഭക്തരും നിലയ്ക്കലെത്തുക, സ്വാമി ശരണം.’

ഇങ്ങനെയാണ് എഎച്ച്പി ജില്ലാ ജനറൽ സെക്രട്ടറിയെന്ന് അവകാശപ്പെടുന്നയാളുടെ ശബ്ദസന്ദേശം. ‘എന്താ ശ്രീധരൻ പിള്ളേ നിങ്ങളുടെ പരിപാടി. ഒന്നും രണ്ടും പേരെയും കൂട്ടി, കറുപ്പുമുടുത്ത് സന്നിധാനത്തേയ്ക്ക് ആളുകളോട് വരാൻ പറയുന്നതിന് പിന്നിലെ രാഷ്ട്രീയമെന്താണ്?’ കടകംപള്ളി ചോദിയ്ക്കുന്നു.

തീർഥാടകർക്ക് നിരോധനാജ്ഞ ബാധകമല്ലെന്ന് ഇന്നലെത്തന്നെ ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നതാണ്. ഇന്ന് നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച് യുവമോർച്ച പ്രവർത്തകർ പ്രകടനം നടത്താനെത്തിയതും അയ്യപ്പഭക്തരുടെ വേഷം ധരിച്ചാണ്. മരക്കൂട്ടത്തിനടുത്ത് ന്യൂയോർക്ക് ടൈംസ് മാധ്യമപ്രവർത്തക സുഹാസിനി രാജിനെതിരെ ആക്രമണം നടത്തിയതും കറുപ്പുടുത്ത ഒരു സംഘമാളുകളാണ്.

error: Content is protected !!