കനത്ത മഴയും ചുഴലിക്കാറ്റും; ചാലക്കുടി വീണ്ടും ദുരിതത്തില്‍

പ്രളയം വിഴുങ്ങിയ ചാലക്കുടിയെ വീണ്ടും ദുരിതത്തിലാക്കി ബുധനാഴ്ച വൈകീട്ട് വീശിയടിച്ച കാറ്റും മഴയും ഉണ്ടാക്കിയത് അഞ്ച് കോടി രൂപയുടെ നാശനഷ്ടം. പത്ത് വീടുകൾ പൂർണ്ണമായും 30 വീടുകൾ ഭാഗികമായും തകർന്നു. കെഎസ്ഇബിക്കാണ് കാറ്റിൽ കനത്ത നഷ്ടം ഉണ്ടായിരിക്കുന്നത്. വൈദ്യുതി കമ്പികളെല്ലാം പൊട്ടി ചാലക്കുടി നഗരവും പരിസരപ്രദേശവും കഴിഞ്ഞ രാത്രി ഇരുട്ടിലായിരുന്നു. ചാലക്കുടി റെയിൽവെ പാലത്തിൽ മണ്ണിടിഞ്ഞത് ട്രെയിൻ ഗതാഗതത്തെയും തടസപ്പെടുത്തി. മണൽചാക്കുകൾ നിരത്തി ബലപ്പെടുത്തിയാണ് ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. പരിസരവാസികളാണ് അപകടാവസ്ഥ അധികൃതരെ അറിയിച്ചത്.

ചുഴലിയിൽ മരങ്ങൾ വീണതോടെയാണ് നാശം കനത്തത്. സുരഭി തിയറ്ററിന്‍റെ മേൽക്കൂര അടർന്ന് പറന്നതോടെ സിനിമ കണ്ടിരുന്നവർ പ്രാണരക്ഷാർത്ഥം പുറത്തേക്കോടി രക്ഷപ്പെട്ടുകയായിരുന്നു. പ്രദേശത്ത് നൂറിലേറെ ചെറുതും വലുതുമായ മരങ്ങളാണ് നിലംപതിച്ചത്.  നൂറ്റാണ്ട് പ്രായമെത്തിയ മരങ്ങളടക്കം നിരവധി മരങ്ങളാണ് കടപുഴകിയത്. അറുപതോളം വലിയ തേക്കുമരങ്ങളും കടപുഴകി. തെങ്ങ്, ജാതി, വാഴ തുടങ്ങിയവയും കടപുഴകി വീണു. പടിഞ്ഞാറെ ചാലക്കുടിയിലും സൗത്ത് ജംഗ്ഷനിലും വിജയരാഘവപുരത്തുമാണ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചത്. ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയിൽ മൂന്ന് മരങ്ങൾ വീണു.

തൃശൂരിലെ മറ്റിടങ്ങളിലും കാറ്റും മഴയും നാശങ്ങളുണ്ടാക്കി. തൃശൂർ വടക്കേ സ്റ്റാന്‍റില്‍  വൈദ്യുതി ലൈനിന് തീപിടിച്ചു. പറവട്ടാനിയിലെ ആണി കമ്പനിയിലും തീപിടുത്തമുണ്ടായി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. വടക്കേ സ്റ്റാന്‍റ്  വെള്ളത്തിനടിയിലായി. ശക്തനിലും പൂത്തോളും സ്വരാജ് റൗണ്ടിലും വെള്ളം കയറി. പലയിടത്തും മരങ്ങളും ഇലക്ട്രിക്ക് പോസ്റ്റുകളും വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. കിഴക്കേ കോട്ടയിൽ ജൂബിലിക്ക് സമീപം ഫയർഫോഴ്സെത്തി മരം മുറിച്ചുമാറ്റിയാണ് നഗരത്തിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്. മ്യൂസിയം ക്രോസ് റോഡിലും മരം വീണ് ഗതാഗതം തടസമായി.

ജില്ലയിൽ ജാഗ്രതാ സന്ദേശം നൽകിയിട്ടുണ്ട്. ആറിന് യെല്ലോ അലർട്ടും ഏഴിന് റെഡ് അലർട്ടുമാണ്. പീച്ചി ഡാം ഷട്ടർ വീണ്ടും ഉയർത്തി. ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്ഥലങ്ങളിൽ അതീവ ജാഗ്രതയാണ്. പൊലീസ്, ഫയർഫോഴ്സ്, റവന്യു വിഭാഗങ്ങൾ 24 മണിക്കൂർ സേവനം സജ്ജമാക്കി കൺട്രോൾ റൂം തുറന്നു. ഫോൺ: 0487 2362424.

error: Content is protected !!